കരാര്‍ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി അസോസിയേഷന്‍ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.

130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദ‍ർശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്‍റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കിയില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്‍റീന ടീമോ സൂപ്പര്‍ താരം ലിയോണല്‍ മെസിയോ ഇന്ത്യയില്‍ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമെ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്പോണ്‍സര്‍ പറഞ്ഞിരുന്നു.

മെസിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്ന് എഎഫ്എ വ്യക്തമാക്കിയതോടെ ഇതു സംബന്ധിച്ച് ഇനി മറുപടി പറയേണ്ടത് കായിക മന്ത്രി വി അബ്ദുറഹിമാനാണ്. അര്‍ജന്‍റീന ടീമിനെയും മെസിയെയും കേരളത്തിലേക്ക് എത്തിക്കുന്നതിനായി വി അബ്ദുറഹിമാന്‍ സ്പെയിനിലെ മാഡ്രിഡിലെത്തി ചര്‍ച്ച നടത്തിയത് ലിയാന്‍ഡ്രോ പീറ്റേഴ്സനുമായിട്ടായിരുന്നു. 13 ലക്ഷം രൂപ ചെലിട്ടാണ് മന്ത്രിയും രണ്ട് ഉദ്യോഗസ്ഥരും പീറ്റേഴ്സനുമായി ചര്‍ച്ച നടത്താനായി സ്പെയിനിലേക്ക് പോയത്.

നേരത്തെ അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച് പല തരത്തിലുള്ള വിശദീകരണങ്ങളാണ് മന്ത്രി നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാരാണ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കുന്നത് എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരും സ്പോണ്‍സറും ചേര്‍ന്നാണ് കരാറുണ്ടാക്കിയതെന്ന് പിന്നീട് തിരുത്തിയിരുന്നു. അര്‍ജന്‍റീന കേരളത്തിലേക്ക് വരില്ലെന്ന് വ്യക്തമായതോടെ സ്പോണ്‍സറുടെ മാത്രം ബാധ്യതയാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക