Asianet News MalayalamAsianet News Malayalam

മൂന്ന് മാറ്റമുറപ്പ്, അപ്പോഴും സഞ്ജു സാംസണ്‍ ആ ഭാഗത്തേക്ക് നോക്കണ്ട; രണ്ടാം ട്വന്‍റി20 സാധ്യതാ ടീം

ആദ്യ ട്വന്‍റി 20യില്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും സ്‌പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ആവേഷ് ഖാനും പുറത്തിരുന്നു

Sanju Samson will remain on the sidelines Team India predicted XI against Afghanistan in 2nd T20I
Author
First Published Jan 13, 2024, 7:42 AM IST

ഇന്‍ഡോര്‍: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്‍റി 20ക്ക് മുമ്പ് സഞ്ജു സാംസണ്‍ ഫാന്‍സിന് നിരാശ വാര്‍ത്ത. മലയാളി വിക്കറ്റ് കീപ്പര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനുള്ള സാധ്യതയില്ല. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യില്‍ നിന്ന് മൂന്ന് മാറ്റമാണ് ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇലവനില്‍ പ്രതീക്ഷിക്കുന്നത്. ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കിന്‍റെ തിരിച്ചടിയുണ്ടായാല്‍ മാത്രമേ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാകൂ. 

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, തിലക് വര്‍മ്മ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിവരായിരുന്നു അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും സ്‌പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ആവേഷ് ഖാനും പുറത്തിരുന്നു. ഇവരില്‍ നേരിയ പരിക്കുള്ള ജയ്സ്വാള്‍ സുഖംപ്രാപിച്ച് രണ്ടാം ട്വന്‍റി 20യില്‍ മടങ്ങിയെത്തിയാല്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കേണ്ടിവരും. രോഹിത്തിനൊപ്പം ഫസ്റ്റ് ചോയിസ് ഓപ്പണര്‍ ജയ്സ്വാളാണ് എന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പരമ്പരയ്ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. മോശമല്ലാത്ത ഫോമിലെങ്കിലും വിരാട് കോലി മടങ്ങിയെത്തുന്നതോടെ തിലക് വര്‍മ്മയും പുറത്താകും. 

മൊഹാലിയില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തില്‍ റണ്ണൗട്ടായപ്പോള്‍ ശുഭ്‌മാന്‍ ഗില്‍ (12 പന്തില്‍ 23), തിലക് വര്‍മ്മ (22 പന്തില്‍ 26), ശിവം ദുബെ (40 പന്തില്‍ 60*), ജിതേഷ് ശര്‍മ്മ (20 പന്തില്‍ 31), റിങ്കു സിംഗ് (9 പന്തില്‍ 16*) എന്നിവര്‍ തിളങ്ങിയിരുന്നു. മൊഹാലിയിലെ മികച്ച പ്രകടനത്തോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ജിതേഷ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ സഞ്ജു അവസരത്തിനായി കാത്തിരിക്കേണ്ടിവരും. ഗില്ലിനെയല്ലാതെ മറ്റ് ബാറ്റര്‍മാരെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ ഇന്‍ഡോര്‍ ടി20യില്‍ കളിക്കാനാവില്ല. അതേസമയം ബൗളര്‍മാരില്‍ അടിവാങ്ങിക്കൂട്ടിയ സ്‌പിന്നര്‍ രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും. 

Read more: ദ്രാവിഡ് പറഞ്ഞിട്ടും കുലുക്കമില്ല; ഇഷാന്‍ കിഷന്‍റെ ഭാവി തുലാസില്‍, രഞ്ജി ട്രോഫിക്ക് ഇതുവരെ തയ്യാറായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios