ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോട്ടും ചേര്‍ന്ന് ഓസീസിന് നല്ല തുടക്കമിട്ടശേഷം ക്രീസിലെത്തിയ സ്മിത്തിനെ തുടക്കത്തിലെ മടക്കിയില്ലെങ്കില്‍ അത് ഇന്ത്യക്ക് തലവേദനായവുമെന്നും ഉറപ്പായിരുന്നു.

കാന്‍ബറ: ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റത് സ്റ്റീവ് സ്മിത്തിന്‍റെ ബാറ്റിംഗ് മികവിന് മുന്നിലായിരുന്നു. മൂന്നാം മത്സരത്തില്‍ സ്മിത്ത് നേരത്തെ വീണ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ടി20 പരമ്പരയിലും സ്മിത്ത് ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയാവുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു.

ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോട്ടും ചേര്‍ന്ന് ഓസീസിന് നല്ല തുടക്കമിട്ടശേഷം ക്രീസിലെത്തിയ സ്മിത്തിനെ തുടക്കത്തിലെ മടക്കിയില്ലെങ്കില്‍ അത് ഇന്ത്യക്ക് തലവേദനായവുമെന്നും ഉറപ്പായിരുന്നു. ദീപക് ചാഹറിനെ സിക്സിന് പറത്തി ക്രീസിലെത്തിയ ഉടനെ സ്മിത്ത് നയം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ജഡേജയുടെ പകരക്കാരനായി ഇറങ്ങിയ യുസ്‌വേന്ദ്ര ചാഹലിനെ സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്താനുള്ള സ്മിത്തിന്‍റെ ശ്രമം ബൗണ്ടറിയില്‍ പറന്നുപിടിച്ച് മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Scroll to load tweet…

അതിന് മുമ്പ് ആരോണ്‍ ഫിഞ്ചിനെ ലോംഗ് ഓണില്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ പറന്നുപിടിച്ചതിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതായിരുന്നു സഞ്ജുവിന്‍റെ ക്യാച്ച്. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ കൂടിയാണ് സ്മിത്ത്.

എന്നാല്‍ പറക്കും ക്യാച്ചിന്‍റെ തിളക്കം അനായാസമായൊരു മിസ് ഫില്‍ഡിലൂടെ സഞ്ജു നഷ്ടപ്പെടുത്തുന്നതും പിന്നീട് കണ്ടു. മനീഷ് പാണ്ഡെയുടെ ഓവര്‍ ത്രോ ബൗണ്ടറിയില്‍ അനാസായം കൈയിലൊതുക്കാമായിരുന്ന സഞ്ജു ബൗണ്ടറി വഴങ്ങി. ഒരു റണ്‍സ് ഓസീസിന് ലഭിക്കേണ്ടയിടത്ത് അഞ്ച് റണ്‍സ് സമ്മാനിക്കുകയും ചെയ്തു.