ഐപിഎല്ലിലെ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡും രാഹുല്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ 141 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് രാഹുല്‍ ഇന്ന് മറികടന്നത്.

ദില്ലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ വെടിക്കെട്ട് സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍ കെ എല്‍ രാഹുല്‍. പഞ്ചാബിനെതിരെ ഓപ്പണറായി ഇറങ്ങി 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കി. 2024 നവംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയക്കെതിരെ ഹൈദരാബാദിന് വേണ്ടി തിലക് വർമ്മ നേടിയ 151 റൺസെന്ന റെക്കോർഡാണ് രാഹുൽ ഇന്ന് മറികടന്നത്. ടി20 ഫോർമാറ്റിൽ ഇതോടെ 150 റൺസ് കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന നേട്ടവും രാഹുൽ സ്വന്തം പേരിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ഇതിന് പുറമെ ഐപിഎല്ലിലെ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡും രാഹുല്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ 141 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് രാഹുല്‍ ഇന്ന് മറികടന്നത്. ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്കോറിനൊപ്പം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറെന്ന നേട്ടവും രാഹുലിന്‍റെ പേരിലായി. ക്രിസ് ഗെയ്ൽ(175), ബ്രണ്ടന്‍ മക്കല്ലം(158) എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണ മാത്രണ് ഒരു ബാറ്റര്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. 13 വര്‍ഷത്തിനിടെ ആദ്യമായി ഒരു ബാറ്റര്‍ 150 കടന്നുവെന്ന പ്രത്യേകതയും രാഹുലിന്‍റെ നേട്ടത്തിനുണ്ട്. ഇതിന് പുറമെ ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി രണ്ട് സെഞ്ചുറികള്‍ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രാഹുലിന്‍റെ പേരിലായി. പഞ്ചാബ് കിംഗ്സ്, ലക്നൗ, ഡല്‍ഹി ടീമുകള്‍ക്കായാണ് രാഹുല്‍ 2 സെഞ്ചുറികള്‍ വീതം നേടിയത്.

ഐപിഎല്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ 5 സെഞ്ചുറികളുള്ള മലയാളി താരം സഞ്ജു സാംസണെയും രാഹുല്‍ പിന്നിലാക്കി. ഐപിഎല്ലിലെ രാഹുലിന്‍റെ ആറാം സെഞ്ചുറിയാണിത്. പഞ്ചാബ് ബൗളര്‍മാരെ തല്ലിപ്പറത്തിയ രാഹുല്‍ 16 ബൗണ്ടറിയും 9 സിക്സും പറത്തിയാണ് 152 റണ്‍സെടുത്തത്. 6 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് ബൗണ്ടറിയില്‍ ശശാങ്ക് സിംഗ് നഷ്ടമാക്കിയിരുന്നു.

View post on Instagram

സെഞ്ചുറിയോടെ ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ വിരാട് കോലിയെ മറിടന്ന് ഒന്നാമനാവാനും രാഹുലിനായി. ഡൽഹിയിലെ കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു രാഹുലിന്‍റെ സെഞ്ചുറിവേട്ട. നിതീഷ് റാണക്കൊപ്പം രണ്ടാം വിക്കറ്റില്‍ 95 പന്തില്‍ 220 റണ്‍സിന്‍റെ കൂട്ടുകെട്ടിലും രാഹുല്‍ പങ്കാളിയായി. ഇരവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പഞ്ചാബിനെതിരെ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് അടിച്ചുകൂട്ടി.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക