കെ എല്‍ രാഹുലിന്‍റെ പരിക്ക് ഭേദമാകാത്തതോടെ 26 വയസുകാരനായ സർഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുകയാണ്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ നിർണായക മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ ഇലവന്‍ സംബന്ധിച്ച് സൂചന പുറത്ത്. നാളുകളായി ടെസ്റ്റ് ക്യാപിനായി കാത്തിരിക്കുകയായിരുന്ന ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെലും രാജ്കോട്ടില്‍ അരങ്ങേറും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ നിന്ന് പുറത്തായതോടെ സർഫറാസ് അരങ്ങേറും എന്ന് ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

കെ എല്‍ രാഹുലിന്‍റെ പരിക്ക് ഭേദമാകാത്തതോടെ 26 വയസുകാരനായ സർഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ സർഫറാസ് മധ്യനിരയില്‍ അരങ്ങേറും. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളില്‍ നൂറിലേറെ ശരാശരിയുള്ള സർഫറാസിനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം നാളുകളായി ശക്തമാണ്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ സർഫറാസിനെ മറികടന്ന് രജത് പാടിദാറിനാണ് ടീം ഇന്ത്യ അവസരം നല്‍കിയത്. പക്ഷേ പാടിദാറിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. എന്നാല്‍ രാഹുലിന്‍റെ പരിക്കോടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്കോട്ട് ടെസ്റ്റിലൂടെ സർഫറാസ് ഖാന്‍ അരങ്ങേറും എന്ന് ഉറപ്പായി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ ധ്രുവ് ജൂരെലും അരങ്ങേറുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ബാറ്റ് കൊണ്ട് മികവിലേക്ക് എത്താനാവാത്ത കെ എസ് ഭരതിന് പകരമാണ് 23 വയസുകാരനായ ധ്രുവ് രാജ്കോട്ട് ടെസ്റ്റില്‍ ഗ്ലൗ അണിയുക. ഭരതിനെ ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സ്ക്വാഡില്‍ നിലനിർത്തിയിട്ടുണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ ടീമുകള്‍ 1-1ന് സമനിലയിലാണ്. 

Read more: ​ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ അല്ല വരുന്നത്; വന്‍ വെളിപ്പെടുത്തലുമായി ഇർഫാന്‍ പത്താന്‍, കാരണമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം