കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സര്‍ഫറാസ് ഖാന്‍ ആദ്യമായി ടെസ്റ്റ് സ്ക്വാഡിലെത്തിയത്
വിശാഖപട്ടണം: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചെങ്കിലും ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും എന്ന് സൂചന. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ മറ്റൊരു ബാറ്റര്‍ രജത് പാടിദാര്‍ അരങ്ങേറാനാണ് സാധ്യത എന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 28 റണ്‍സിന് തോറ്റിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിശ്രമമെടുത്ത വിരാട് കോലിക്ക് പകരമാണ് രജത് പാടിദാര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്ക്വാഡിലെത്തിയത്. സര്‍ഫറാസ് ഖാനാവട്ടെ രണ്ടാം ടെസ്റ്റില്‍ നിന്ന് കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയും ടീമിലെത്തി. വിശാഖപട്ടണം വേദിയാവുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് പകരം പ്ലേയിംഗ് ഇലവനിലെത്താന്‍ രജത് പാടിദാറും സര്‍ഫറാസ് ഖാനും തമ്മിലാണ് പോരാട്ടം. വിശാഖപട്ടണത്ത് പാടിദാര്‍ ഇറങ്ങിയേക്കാം എന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പണിംഗും വണ്‍ഡൗണും മാത്രമല്ല, മധ്യനിരയില്‍ ബാറ്റേന്താനുള്ള കഴിവും പാടിദാറിനുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി രണ്ട് സെഞ്ചുറികള്‍ അടുത്തിടെ നേടിയ മികവും താരത്തിന് അനുകൂല ഘടകമാണ്.
55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 12 സെഞ്ചുറികളും 22 ഫിഫ്റ്റികളോടെയും 4000 റണ്‍സ് രജത് പാടിദാറിനുണ്ട്. 196 ആണ് ഉയര്‍ന്ന സ്കോര്‍. ആവശ്യമെങ്കില്‍ പന്തെറിയാനും താരത്തിന് സാധിക്കും. ഫോമിലല്ലാത്ത ശുഭ്മാന്‍ ഗില്ലിന് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടീം മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രജത് പാടിദാര്‍ മൂന്നും ശുഭ്മാന്‍ ഗില്‍ അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാം. ഫോമിലല്ലാത്ത നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും തീരുമാനിക്കാനിടയുണ്ട്. ഇങ്ങനെ വന്നാല്‍ അരങ്ങേറ്റത്തിന് സര്‍ഫറാസ് ഖാന് മുന്നില്‍ കാത്തിരിക്കാതെ മറ്റ് വഴികളില്ല.
