ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഒരിക്കല്‍ക്കൂടി സര്‍ഫറാസ് ഖാനെ പരിഗണിക്കാതിരിക്കുകയായിരുന്നു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതില്‍ ഇന്ത്യന്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍റെ പ്രതിഷേധം തുടരുന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആഭ്യന്തര ക്രിക്കറ്റിലെ തന്‍റെ കണക്കുകള്‍ പോസ്റ്റ് ചെയ്ത സര്‍ഫറാസ് പുതിയ സ്റ്റോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹോം പ്രാക്‌ടീസ് എന്ന തലക്കെട്ടോടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പരിശീലകനും പിതാവുമായ നൗഷാദ് ഖാന് ഒപ്പമാണ് ചിത്രത്തില്‍ സര്‍ഫറാസുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഒരിക്കല്‍ക്കൂടി സര്‍ഫറാസ് ഖാനെ പരിഗണിക്കാതിരിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാകെ 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. ഇതില്‍ കഴിഞ്ഞ മൂന്ന് രഞ്ജി സീസണുകളായി 2566 റണ്‍സ് അടിച്ചുകൂട്ടി. 2019-2020 രഞ്ജി സീസണില്‍ 154 ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി.

ഇത്രയൊക്കെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഒരു താരം എങ്ങനെയാണ് ടെസ്റ്റ് ടീമിന് പുറത്തിരിക്കുന്നത് എന്ന ചോദ്യം സജീവമാണ്. രഞ്ജി ക്രിക്കറ്റ് പരിഗണിച്ചല്ല ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിലേക്ക് പോലും താരങ്ങളെ എടുക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം. സര്‍ഫറാസിനെ ടീമിലെടുക്കാത്തതിനെ ചോദ്യം ചെയ്ത് ഇതിഹാസ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ആളുകളെ എടുക്കാനുള്ള മാര്‍ഗമല്ലെങ്കില്‍ രഞ്ജി ക്രിക്കറ്റ് അവസാനിപ്പിച്ചൂടേ എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം. അതേസമയം ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാന്‍ മതിയായ ഫിറ്റ്‌നസ് സര്‍ഫറാസ് ഖാനില്ല എന്ന വിമര്‍ശനമാണ് ബിസിസിഐ വൃത്തങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
Read more: സർഫറാസ് ഖാനെ ടീമിലെടുക്കാത്തതിന്‍റെ കാരണം സെലക്ടറെ ചൊടിപ്പിച്ച ആഘോഷം! വെളിപ്പെടുത്തല്‍
