ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എ ടീമിനൊപ്പം അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയെങ്കിലും സര്‍ഫറാസിന് ഇന്ത്യൻ സീനിയര്‍ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫ്രാസ് ഖാന്‍റെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. അമിതവണ്ണത്തിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സര്‍ഫറാസ് രണ്ട് മാസം കൊണ്ട് 17 കിലോ ശരീരഭാരം കുറച്ചാണ് ആരാധകരെ ഞെട്ടിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എ ടീമിനായി അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയെങ്കിലും സര്‍ഫറാസിന് ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സര്‍ഫറാസ് കഠിനമായ ഫിറ്റ്നെസ് ട്രെയിനിംഗിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശരീരഭാരം കുറച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് താരത്തിന്‍റെ ഫിറ്റ്നെസ് ഇല്ലായ്മയും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ സര്‍ഫറാസ് സെഞ്ചുറിയുമായി തിളങ്ങി. പിന്നാലെ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയെങ്കിലും ഓസ്ട്രേലിയയില്‍ ഒരു മത്സരത്തില്‍ പോലും സര്‍ഫറാസിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്കും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ പരിഗണിച്ചില്ല.സര്‍ഫറാസിന് പകരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കരുണ്‍ നായര്‍ക്കാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. എന്നാല്‍ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും തിളങ്ങാന്‍ കരുണിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സര്‍ഫറാസിനെ തുടര്‍ച്ചയായി തഴയുന്നതിനെതിരെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തുവന്നപ്പോഴും താരത്തിന്‍റെ ഫിറ്റ്നെസ് വലിയ ചോദ്യചിഹ്നമായി മാറിയിരുന്നു. ഐപിഎല്ലിലും ഒരു ടീമിലും ഇടം നേടാന്‍ സര്‍ഫറാസിന് കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാം പിന്നാലെയാണ് പുതിയ ലുക്കില്‍ എത്തി സര്‍ഫറാസ് ആരാധകരെ ഞെട്ടിച്ചത്.


