വിരാട് കോലിയുമായുള്ള പ്രശ്നം പരിഹരിച്ചത് വെളുപ്പിന് മൂന്ന് മണി വരെ മദ്യപിച്ച് എന്നും വെളിപ്പെടുത്തലിലുണ്ട്
ദില്ലി: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍. ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് തന്നെ നോക്കി തുപ്പിയെന്നും എ ബി ഡിവില്ലിയേഴ്സിന്‍റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം കോലി മാപ്പ് പറഞ്ഞെന്നുമാണ് എല്‍ഗാറിന്‍റെ വാക്കുകള്‍.
'ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ഞാന്‍ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് വരുമ്പോള്‍ വിരാട് കോലി എന്‍റെ നേര്‍ക്ക് നോക്കി തുപ്പാന്‍ ശ്രമിച്ചു. അത് ചെയ്താല്‍ ബാറ്റ് കൊണ്ട് തല്ലുമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞ തെറിയുടെ അര്‍ഥം കോലിക്ക് മനസിലായി. കാരണം എബിഡി ആര്‍സിബിയില്‍ കോലിയുടെ സഹതാരമായിരുന്നു. എന്തിനാണ് എന്‍റെ സഹതാരത്തെ തുപ്പുന്നത് എന്ന് ഇതുകണ്ട് നിന്ന എ ബി ഡിവില്ലിയേഴ്സ് ഇടപെട്ട് ചോദിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ കളിക്കുമ്പോള്‍ കോലി പഴയ സംഭവത്തിന് മാപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പരമ്പരയ്ക്ക് ശേഷം മദ്യപിക്കാന്‍ പുറത്തുപോയാലോ നമുക്ക് എന്ന് മാറ്റിനിര്‍ത്തി കോലി എന്നോട് ചോദിച്ചു. അന്നത്തെ സംഭവങ്ങള്‍ക്ക് കോലിക്ക് മാപ്പ് പറയണമായിരുന്നു. വെളുപ്പിന് മൂന്ന് മണി വരെ മദ്യപിച്ച് കോലി എന്നോട് ക്ഷണം ചോദിച്ചു' എന്നുമാണ് ഒരു പോഡ്കാസ്റ്റില്‍ ഡീന്‍ എല്‍ഗാറിന്‍റെ പ്രതികരണം. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ക്രിസ് മോറിസും പോഡ്കാസ്റ്റില്‍ എല്‍ഗാറിനൊപ്പമുണ്ടായിരുന്നു.
2023 ഡിസംബറില്‍ ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിച്ച് ഡീന്‍ എല്‍ഗാര്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. കേപ്ടൗണിലെ അവസാന ഇന്നിംഗ്സില്‍ എല്‍ഗാറിന്‍റെ ക്യാച്ച് എടുത്ത ശേഷം ആഹ്‌ളാദപ്രകടനം നടത്താതിരുന്ന കോലി താരത്തെ ആലിംഗനം ചെയ്താണ് ഡ്രസിംഗ് റൂമിലേക്ക് യാത്രയാക്കിയത്. തന്‍റെ ടെസ്റ്റ് ജേഴ്സികളിലൊന്ന് എല്‍ഗാറിന് സമ്മാനിക്കുകയും കോലി ചെയ്തിരുന്നു. മത്സര ശേഷം ഇരുവരും ഏറെ നേരം സംസാരിക്കുന്നത് മൈതാനത്ത് കാണാനായി. ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകള്‍ കളിച്ച എല്‍ഗാര്‍ 14 സെഞ്ചുറികളോടെ 37.65 ശരാശരിയില്‍ 5347 റണ്‍സാണ് നേടിയത്.
