രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്ര മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചിന് 206 എന്ന നിലയില്‍ രണ്ടാം ദിവസം ആരംഭിച്ച സൗരാഷ്ട്രയ്ക്ക് അര്‍പിത് വാസവദയുടെ (106) സെഞ്ചുറിയാണ് തുണയായത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര (66), വിഷ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അകാശ് ദീപിന് മൂന്ന് വിക്കറ്റുണ്ട്.

ഹര്‍വിക് ദേശായി (38), അവി ബാരോത്, വിശ്വരാജ് ജഡേജ, ഷെല്‍ഡണ്‍ ജാക്‌സണ്‍ (14), ചേതന്‍ സക്കറിയ (4) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് ഇന്നലെ നഷ്ടമായത്. ചേതേശ്വര്‍ പൂജാര നാലു റണ്ണെടുത്തു നില്‍ക്കെ ശാരീരിക ആസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ക്രീസ് വിട്ടിരുന്നു. വാസവദയുടെ വിക്കറ്റാണ് ഇന്ന് സൗരാഷ്ട്രയ്ക്ക് ആദ്യം നഷ്ടമായത്. 11 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു വാസവദയുടെ ഇന്നിങ്‌സ്.

ഒരു രാത്രിയിലെ വിശ്രമത്തിന് ശേഷം വീണ്ടും ക്രീസിലെത്തിയ പൂജാര ദീര്‍ഘനേരം ക്രീസില്‍ നിന്നതും സൗരാഷ്ട്രയ്ക്ക് ഗുണമായി. 237 പന്ത് നേരിട്ടാണ് പൂജാര 66 റണ്‍സെടുത്തത്. എന്നാല്‍ പൂജാരയെ മടക്കി മുകേഷ് കുമാര്‍ ബംഗാളിന് ആശ്വാസമേകി. ഇതിനിടെ പ്രേരക് മങ്കാദും (0) പവലിയനില്‍ തിരിച്ചെത്തി. എങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സൗരാഷ്ട്രയ്ക്ക് സാധിച്ചിരുന്നു.

ആകാശ് ദീപിന് പുറമെ മുകേഷ് കുമാര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ടും ഇഷാന്‍ പോറല്‍ ഒരു വിക്കറ്റും നേടി.