പരമ്പരയ്ക്ക് മുമ്പുതന്നെ ഗ്രൗണ്ടിന് പുറത്തുള്ള സംസാരങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (Dean Elgar). ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന് (R Ashwin) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തിളങ്ങാനാവില്ലെന്നാണ് എല്‍ഗാറിന്റെ വാദം.

സെഞ്ചൂറിയന്‍: ഈമാസം 26ന് സെഞ്ചൂറിയന്‍ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ (SAvIND) പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. പരമ്പരയ്ക്ക് മുമ്പുതന്നെ ഗ്രൗണ്ടിന് പുറത്തുള്ള സംസാരങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (Dean Elgar). ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന് (R Ashwin) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തിളങ്ങാനാവില്ലെന്നാണ് എല്‍ഗാറിന്റെ വാദം.

ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകായിരുന്നു എല്‍ഗാര്‍. അശ്വിനെ നേരിടാന്‍ ഭയമില്ലെന്ന് പറഞ്ഞാണ് എല്‍ഗാര്‍ തുടങ്ങിയത്. ''ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ അശ്വിനെതിരെ കളിക്കുക എളുപ്പമാവില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അശ്വിന്‍ വലിയ വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ നിരയിലെ ഏതെങ്കിലുമൊരു താരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത് പ്രധാനമാണ്. അശ്വിന്‍ വളരെ മികവുറ്റ ബൗളറാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. അക്കാര്യം ശ്രദ്ധിക്കും. ഞങ്ങളുടെ ഓരോ താരവും ഗെയിം പ്ലാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.'' എല്‍ഗാര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെന്നുള്ള കാര്യവും എല്‍ഗാര്‍ സമ്മതിച്ചു. ''ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ഒരു ടീമിനെതിരെയാണ് കളിക്കുന്നതെന്നറിയാം. എന്നാല്‍, പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിനാല്‍ ഞങ്ങള്‍ക്കു അതു മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.'' എല്‍ഗാര്‍ വ്യക്തമാക്കി.

പിച്ച് പേസ് ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായതിനാല്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിച്ചേക്കുക. ഏക സ്പിന്നറായി അശ്വിനെ ഇറക്കാനാണ് സാധ്യത. രവീന്ദ്ര ജഡേജ ടീമിലില്ലെന്നുള്ളതും അശ്വിന് ഗുണം ചെയ്യും.