ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം വിലയിരുത്തിയാണ് പുതിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കുക. ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ രണ്ട് പേര്‍ വെങ്കടേഷ് അയ്യരും (Venkatesh Iyer) റിതുരാജ് ഗെയ്കവാദുമാണ് (Rituraj Gaikwad). 

മുംബൈ: ദക്ഷിണാഫ്രിക്കന്‍ (SAvIND) പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. നിരവധി യുവതാരങ്ങള്‍ സെലക്ഷന്‍ ലഭിക്കാന്‍ സാധ്യതയേറെയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം വിലയിരുത്തിയാണ് പുതിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കുക. ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ രണ്ട് പേര്‍ വെങ്കടേഷ് അയ്യരും (Venkatesh Iyer) റിതുരാജ് ഗെയ്കവാദുമാണ് (Ruturaj Gaikwad). ഇരുവരും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്. 

ഇപ്പോള്‍ റിതുരാജിന് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്ന ദിപീപ് വെങ്‌സര്‍ക്കാര്‍. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ''കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് റിതുരാജ് പോയികൊണ്ടിരിക്കുന്നത്. ഫോമിലുള്ളവരെയായിരിക്കണം ടീമിലെടുക്കേണ്ടത്. കഴിവ് തെളിയിക്കാന്‍ റിതുരാജ് ഇനിയും എത്ര റണ്‍സാണ് നേടേണ്ടത്? 

സെലക്റ്റര്‍മാര്‍ അവനെ ടീമിലെടുക്കുക മാത്രമല്ല, ആവശ്യത്തിന് സമയം നല്‍കുകയും വേണം. ഓപ്പണറായി മാത്രമല്ല മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ റിതുരാജിന് സാധിക്കും. അവനെ തീര്‍ച്ചയായും ഏകദിന ടീമില്‍ എടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ 24 വയസ്സായി അവന്. 28 വയസായ ശേഷം താരത്തെ ദേശീയ ടീമിലെടുക്കുന്നതില്‍ ഒരു അര്‍ഥവുമില്ല.'' വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്സ്‌കോറര്‍ക്കിളേള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം താരം റണ്‍വേട്ട തുടരുകയാണ്. വിജയ് ഹസാരെയില്‍ മഹാരാഷ്ട്രയെ നയിച്ചുകൊണ്ടിരിക്കുന്ന റിതുരാജ് തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികള്‍ നേടി. കേരളത്തിനെതിരെ 129 പന്തില്‍ 124 റണ്‍സ് നേടികൊണ്ടായിരുന്നു റിതുരാജിന്റെ തുടക്കം. പിന്നാലെ ഛത്തീസ്ഗഢിനെതിരെ 143 പന്തില്‍ പുറത്താവാതെ 154 റണ്‍സ് നേടി. മധ്യപ്രദേശിനെതിരെ 136 റണ്‍സും താരം സ്വന്തമാക്കി. അതുകൊണ്ടുതന്നെ താരത്തെ തഴയാന്‍ കഴിയില്ല. 

നാലു മല്‍സരങ്ങളില്‍ നിന്നും 145 ശരാശരിയില്‍ 435 റണ്‍സാണ് ഇപ്പോള്‍ റുതുരാജിന്റെ സമ്പാദ്യം. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയായിരിക്കും ഇത്. വിജയ് ഹസാരെ ലീഗ് ഘട്ടം അവസാനിച്ച ശേഷമായിരിക്കും ടീമിനെ തിരഞ്ഞെടുക്കുകയെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.