ഇതുവരെ കീഴടക്കാനാവാത്ത ദക്ഷിണാഫ്രിക്കന്‍ കോട്ടപിടിക്കാന്‍ കോലിപ്പട (Virat Kohli). രാഹുല്‍ ദ്രാവിഡിന്റെ (Rahul Dravid) ശിക്ഷണത്തില്‍ ഇന്ത്യയുടെ ആദ്യ വിദേശപര്യടനം. ഏകദിന, ട്വന്റി20 നായക സ്ഥാനത്തുനിന്ന് പടിയറങ്ങിയ വിരാട് കോലിക്ക് ചില മറുപടികള്‍ നല്‍കാനമുണ്ട് ഈ പരമ്പരയില്‍.  

സെഞ്ചൂറിയന്‍: ഇന്ത്യൃ- ദക്ഷിണാഫ്രിക്ക (SAvIND) ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇതുവരെ കീഴടക്കാനാവാത്ത ദക്ഷിണാഫ്രിക്കന്‍ കോട്ടപിടിക്കാന്‍ കോലിപ്പട (Virat Kohli). രാഹുല്‍ ദ്രാവിഡിന്റെ (Rahul Dravid) ശിക്ഷണത്തില്‍ ഇന്ത്യയുടെ ആദ്യ വിദേശപര്യടനം. ഏകദിന, ട്വന്റി20 നായക സ്ഥാനത്തുനിന്ന് പടിയറങ്ങിയ വിരാട് കോലിക്ക് ചില മറുപടികള്‍ നല്‍കാനമുണ്ട് ഈ പരമ്പരയില്‍.

കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇന്നിംഗ്‌സ് തുറക്കും. ചേതേശ്വര്‍ പുജാരയ്ക്കും കോലിക്കുമൊപ്പം അജിന്‍ക്യ രഹാനെ മധ്യനിരയിലെത്തും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവര്‍ കാത്തിരിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പരിചയസമ്പത്താണ് രഹാനെയ്ക്ക് ഗുണമാവുക. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത്. സ്പിന്നര്‍ അശ്വിന്‍ ഉള്‍പ്പടെ ടീമില്‍ അഞ്ച് ബൗളര്‍മാരുണ്ടാവുമെന്നുറപ്പ്. 

ഡീന്‍ എല്‍ഗാറിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മര്‍ക്രാം, തെംബ ബാവുമ, ക്വിന്റണ്‍ ഡി കോക്ക്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി തുടങ്ങിയവരിലാണ് പ്രതീക്ഷ. പേസര്‍മാരെ തുണയ്ക്കുന്ന സെഞ്ചുറിയനില്‍ ആദ്യ രണ്ടുദിവസം ഇടിയും മിന്നലോടുംകൂടിയ കാറ്റുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും 39 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 15ലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം. ഇന്ത്യ 14 മത്സരങ്ങള്‍ ജയിച്ചു. 10 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ 20 ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ മൂന്നില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. പത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍, ഏഴ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.