ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യക്ക് കടുപ്പമേറിയതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ (SAvIND) മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ (Team India) നാളെ സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യക്ക് കടുപ്പമേറിയതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. കാരണം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് പഴയവീര്യമൊന്നുമില്ല.
എന്നാല്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) പറയുന്നത് ഒന്നും എളുപ്പമല്ലെന്നാണ്. ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ എളുപ്പമാണെന്ന് വിലയിരുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ കരുത്തരാണ്. നമ്മുടെ താരങ്ങള്‍ നന്നായി കളിക്കുകയാണ് വേണ്ടത്. ഈ ബോധ്യം നമ്മുടെ താരങ്ങള്‍ക്കുണ്ട്. ഇതൊരു അവസരമായി കാണണം. എന്നാല്‍ ഒന്നും എളുപ്പമല്ല.
ഇന്ത്യ ഏത് സാഹചര്യത്തില്‍ കളിച്ചാലും ജയിക്കുമെന്ന ചിന്ത പലരിലുമുണ്ട്. ഏത് ഫോര്‍മാറ്റായാലും ഏത് ഫോര്‍മാറ്റായാലും വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തും ആത്മവിശ്വാസവും നമ്മുടെ താരങ്ങള്‍ക്കുണ്ട്. എന്നാല്‍ കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ്അക്കാര്യം ഓര്‍മയുണ്ടായിരിക്കണം.
മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്തുകയും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ താരങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. പരമ്പര ജയം, തോല്‍വി എന്നതില്‍ താരങ്ങള്‍ ചിന്തിക്കേണ്ടതില്ല. അത് ടീമിനെ തേടി വരും.'' ദ്രാവിഡ് വ്യക്തമാക്കി.
ദ്രാവിഡ് സ്ഥിരം പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ പരമ്പരയാണിത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ശേഷം മൂന്ന് ഏകദിനങ്ങളുമുണ്ട്.
