Asianet News MalayalamAsianet News Malayalam

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മൂന്ന് മാസത്തിനകം പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി ഉത്തരവില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.

SC in its order asked the BCCI to reconsider S Sreesanths plea within three months.
Author
Delhi, First Published Mar 15, 2019, 10:45 AM IST

ദില്ലി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്. 

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസിൽ പൊലീസ് കൊണ്ടു വന്ന ടെലിഫോൺ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസഹ്റൂദ്ദീന് വിലക്കേർപ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോൾ പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയിൽ പറഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios