തിരുവനന്തപുരം: കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്‌ക്ക് 163 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 21 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 162 റണ്‍സെടുത്തു. തുടക്കത്തില്‍ പ്രതിരോധത്തിലായെങ്കിലും അവസാന ഓവറുകളിലെ ലിന്‍ഡ് വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.  

ഓപ്പണര്‍മാരെ 15 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ദക്ഷിണാഫ്രിക്ക എയെ 40 റണ്‍സെടുത്ത ബുവാമയും 24 റണ്‍സുമായി സോന്ദോയുമാണ് കരകയറ്റിയത്. മലാന്‍(6), ഹെന്‍‌ഡ്രിക്‌സ്(1) എന്നിങ്ങനെയായിരുന്നു ഓപ്പണര്‍മാരുടെ സ്‌കോര്‍. അഞ്ചാമനായെത്തിയ ക്ലാസന്‍ 31 റണ്‍സില്‍ പുറത്തായപ്പോള്‍ ലിന്‍ഡ് വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി(25 പന്തില്‍ 52*) ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചു. ജാന്‍സണ്‍(5) പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഖലീലും ചാഹലും ചഹാറും അക്ഷാറും ഓരോ വിക്കറ്റ് നേടി. 

രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് മഴമൂലം വൈകി ഉച്ചയോടെ ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്താം.