പന്തിന്‍റെ ഫോമിനെ കുറിച്ച് ആശങ്കകള്‍ ശക്തമായതിനാല്‍ കൂടുതൽ പേരുകള്‍ പരിഗണിക്കണമെന്നാണ് എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം

മുംബൈ: എം എസ് ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ അപ്രതീക്ഷിതമായി ഒരു പേര് ഉയര്‍ന്നുവരുന്നു. വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെയും പരിഗണിക്കണമെന്നാണ് ആവശ്യം. എം എസ് ധോണിയെ ഒഴിവാക്കി മുന്നോട്ടുനീങ്ങാനാണ് ആലോചനയെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏകദിന, ട്വന്‍റി20 ഫോര്‍മാറ്റുകളില്‍ ഋഷഭ് പന്തിനാണ് പ്രഥമ പരിഗണന. 

എന്നാൽ പന്തിന്‍റെ ഫോമിനെ കുറിച്ച് ആശങ്കകള്‍ ശക്തമായതിനാല്‍ കൂടുതൽ പേരുകള്‍ പരിഗണിക്കണമെന്നാണ് എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. ട്വന്‍റി20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനിൽക്കെ കെ എൽ രാഹുലിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉപയോഗിക്കാമെന്നാണ് സെലക്‌ടര്‍മാരുടെ നിര്‍ദേശം.

ഐപിഎല്ലിലെ പഞ്ചാബ് ടീമിൽ വിക്കറ്റ്കീപ്പറും ഓപ്പണറുമായ രാഹുലിനോട് വിക്കറ്റ് കീപ്പിംഗില്‍ കൂടുതൽ ശ്രദ്ധിക്കാന്‍ സെലക്‌ടര്‍മാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. വിജയ് ഹസാരേ ട്രോഫിയില്‍ വിക്കറ്റ് കീപ്പറായി രാഹുലിന്‍റെ പ്രകടനം തൃപ്തികരമെന്നാണ് സെലക്ടമാരുടെ വിലയിരുത്തൽ. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയിൽ അടക്കം റിസര്‍വ് ഓപ്പണറായി രാഹുലിനെ ഉള്‍പ്പെടുത്താമെന്നും വാദമുണ്ട്.

അതേസമയം കേരള ടീമിൽ സഞ്ജു സാംസണ്‍ സ്ഥിരം വിക്കറ്റ് കീപ്പറല്ലെന്നും സെലക്ടര്‍മാര്‍ വിലയിരുത്തുന്നു. വിജയ് ഹസാരേ ട്രോഫിയിൽ മുഹമ്മദ് അസ്‌ഹറുദ്ദീനെയാണ് ഒന്നാം വിക്കറ്റ് കീപ്പറായി കേരള ടീം മാനേജ്‌മെന്‍റ് പരിഗണിച്ചത്. ടീം താത്പര്യം പരിഗണിച്ചുളള തെരഞ്ഞെടുപ്പ് എന്നായിരുന്നു കെസിഎ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നൽകിയ മറുപടി.