കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങള്‍ കേരളത്തിലേക്ക്. ഇന്ത്യ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ എ ടീമില്‍ ലുങ്കി എന്‍ഗിഡി അടുക്കമുള്ള താരങ്ങള്‍ ഇടം നേടി. ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സീനിയര്‍ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് രണ്ട് അനൗദ്യോഗിക  ടെസ്റ്റ് മത്സരങ്ങളില്‍ ഒന്ന് നടക്കന്നത്. സെപ്റ്റംബര്‍ പത്തിനാണ് മത്സരം.

എന്‍ഗിഡിക്ക് പുറമെ ദേശീയ ടീമില്‍ കളിച്ച എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, തെനിസ് ഡി ബ്രൂയ്ന്‍, വിയാന്‍ മള്‍ഡര്‍ തുടങ്ങിയവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ ഡി ബ്രൂയ്ന്‍ മൈസൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മാത്രമേ കളിക്കൂ. സെപ്റ്റംബര്‍ മധ്യത്തോടെ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീം ഇന്ത്യന്‍ ടീം പര്യടനത്തിനെത്തുന്നുണ്ട്. അതിന് മുമ്പ് താരങ്ങളെ ഇന്ത്യന്‍ സാഹചര്യവുമായി പരിചയപ്പെടുത്തുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ലക്ഷ്യം. 

ചതുര്‍ദിന മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക എ ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), തെനിസ് ഡി ബ്രുയ്ന്‍, സുബൈര്‍ ഹംസ, ലുംഗി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ, പീറ്റര്‍ മലാന്‍, എഡ്ഡി മൂര്‍, സെനുരന്‍ മുത്തുസാമി, മാര്‍കോ ജാന്‍സെന്‍, ഡെയ്ന്‍ പീറ്റ്, വിയാന്‍ മള്‍ഡര്‍, ഹെന്റിച്ച് ക്ലാസന്‍, ലൂതോ സിപാംല, ഖയ സോണ്ടോ.