സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ പിഴയൊടുക്കേണ്ടി വരും. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 50 ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ നാല് മണിക്കൂറും ആറ് മിനിറ്റുമാണെടുത്തത്. സാധാരണ ഗതിയില്‍ മൂന്നര മണിക്കൂറാണ് 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഐസിസി അനുവദിക്കുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനം ഓവറുകള്‍ ചെയ്ത് തീര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ടീമിനെ ഓരോ താരങ്ങളും ഇതിന് ഉത്തരവാദികളാണ്. അതുകൊണ്ടുതന്നെ ഓരോ താരവും മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. മാച്ച് റഫറി ഡേവിഡ് ബൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.  

കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏകദിനമാണ് കളിച്ചതെന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണും കുറഞ്ഞ ഓവര്‍ നിരക്കിനെ വിമര്‍ശിച്ചു. രാത്രി 10.10ന് തീരേണ്ട മത്സരം 11.09 വരെ കളിക്കേണ്ടി വന്നു. ഇന്ത്യയുടെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇതിന് കാരണമെന്ന് വോണ്‍ തുറന്നടിച്ചു. ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ ക്രിക്കറ്റിന്റെ പ്രചാരം കുറയ്ക്കുമെന്ന മുന്നറിയിപ്പും വോണ്‍ നല്‍കി. 

സംഭവിച്ച തെറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏറ്റുപറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ മാച്ച് റഫറി തീരുമാനമെടുക്കുകയായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്മാരെ പോയിന്റ് കുറച്ച് തരംതാഴ്ത്തുന്ന നടപടി ഐസിസി ഉപേക്ഷിച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയും തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യ പിഴയൊടുക്കിയിരുന്നു.