Asianet News MalayalamAsianet News Malayalam

നാല് താരങ്ങള്‍ക്ക് ഏഴ് ലക്ഷത്തില്‍ കൂടുതല്‍! കേരള ക്രിക്കറ്റ് ലീഗ് താരലേലത്തില്‍ പണംവാരി നിഖില്‍

168 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണിനിരത്തിയത്.

seven lakh and more four players in kerala cricket league auction
Author
First Published Aug 10, 2024, 7:05 PM IST | Last Updated Aug 10, 2024, 7:05 PM IST

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താരലേലത്തില്‍ നാല് താരങ്ങള്‍ക്ക് ഏഴ് ലക്ഷത്തില്‍ കൂടുതല്‍ ലഭിച്ചു. ഓള്‍റൗണ്ടര്‍ എം എസ് അഖില്‍ (7.4 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്), വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാര്‍ (7.2 - തൃശൂര്‍ ടൈറ്റന്‍സ്), ഓള്‍റൗണ്ടര്‍ മനുകൃഷ്ണന്‍ (7 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), സല്‍മാന്‍ നിസാര്‍ (7 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്) എന്നിവരാണ് നാല് പേര്. 50,000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് സ്വന്തമാക്കി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന താരലേലം ചാരു ശര്‍മാണ് നിയന്ത്രിച്ചത്.  

168 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണിനിരത്തിയത്. ഐപിഎല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവരെ 'എ' വിഭാഗത്തിലുള്ളവര്‍ക്ക് രണ്ട് ലക്ഷമായിരുന്നു അടിസ്ഥാന വില. സി കെ നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്സ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. ഒരു ലക്ഷമായിരുന്നു അടിസ്ഥാന വില. അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമായവരെ 'സി' വിഭാഗത്തില്‍പെടുത്തി അന്‍പതിനായിരം രൂപയും അടിസ്ഥാന വിലയിട്ടു. 

ഇതില്‍ ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട 7 പേര്‍ എ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയിനെ സ്വന്തമാക്കിയത്. ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. എ വിഭാഗത്തില്‍ ഉള്‍പ്പെട്ട 31 കളിക്കാരില്‍ എല്ലാവരേയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയപ്പോള്‍ ബി വിഭാഗത്തിലെ 43ല്‍ 21 പേരേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. സി വിഭാഗത്തിലെ 94 പേരില്‍ 56 പേരേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പി എ അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), വിഷ്ണു വിനോദ് (തൃശ്ശൂര്‍ ടൈറ്റന്‍സ്), രോഹന്‍ എസ് കുന്നമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്) എന്നിവരെ ഐക്കണ്‍ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios