വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ മുംബൈ ആദ്യ ഇന്നിങ്‌സില്‍ 312 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. 

കട്ടക്ക് - 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ മുംബൈയുടെ ആദ്യ ഇന്നിങ്‌സ് 312 റണ്‍സിന് അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാന്റെ ഉജ്ജ്വല ബൗളിങ്ങാണ് ആദ്യ ദിവസം കേരളത്തിന് മുതല്‍ക്കൂട്ടായത്. ആയുഷ് ഷെട്ടി, അര്‍ജുന്‍ ഗദോയ, ഹര്‍ഷ് ശൈലേഷ് എന്നിവര്‍ മുംബൈയ്ക്ക് വേണ്ടിയും തിളങ്ങി.

ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്താണ് മുംബൈയുടെ ബാറ്റര്‍മാര്‍ തുടക്കമിട്ടത്. ഓപ്പണര്‍ ഓം ബാംഗര്‍ 15ഉം ആയുഷ് ഷിന്‍ഡെ എട്ടും റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ആയുഷ് ഷെട്ടി,ഹര്‍ഷ് ഷൈലേഷ് എന്നിവര്‍ ചേര്‍ന്നുള്ള 95 റണ്‍സിന്റെ കൂട്ടുകെട്ട് മുംബൈ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നു. ആയുഷ് ഷെട്ടി 81ഉം ഹര്‍ഷ് ഷൈലേഷ് 54ഉം റണ്‍സെടുത്തു.

തുടര്‍ന്നെത്തിയവരില്‍ അര്‍ജുന്‍ ഗദോയയും കാര്‍ത്തിക് കുമാറും മാത്രമാണ് തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ 73ഉം കാര്‍ത്തിക് 45ഉം റണ്‍സെടുത്തു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് മുംബൈ സ്‌കോര്‍ 312ല്‍ ഒതുക്കിയത്. 17 ഓവറുകളില്‍ വെറും 53 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് റെയ്ഹാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

YouTube video player