Asianet News MalayalamAsianet News Malayalam

ഇത് ഇന്ത്യയുടെ ലേഡി സെവാഗ്; കിവീസിനെതിരായ പ്രകടനത്തോടെ ഷെഫാലി വര്‍മ സ്വന്തമാക്കിയത് അത്യപൂര്‍വ റെക്കോഡ്

ഓസീസിനെതിരെ 15 പന്തില്‍ 29 റണ്‍സാണ് ഷെഫാലി നേടിയത്. ബംഗ്ലാദേശിനെതിരെ 39(17), കിവീസിനെതിരെ 46 (34) റണ്‍സും നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട് ഷെഫാലി.

shafali varma secured another record in t20 world cup
Author
Melbourne VIC, First Published Feb 27, 2020, 2:41 PM IST

മെല്‍ബണ്‍: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ വനിത ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ 17 റണ്‍സിന് തോപ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനും മറികടന്നു. ഇതോടെ സെമി ഉറപ്പിക്കുകയായിരുന്നു. മൂന്ന് മത്സരത്തിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ ബാറ്റിങ്ങായിരുന്നു.

ഓസീസിനെതിരെ 15 പന്തില്‍ 29 റണ്‍സാണ് ഷെഫാലി നേടിയത്. ബംഗ്ലാദേശിനെതിരെ 39(17), കിവീസിനെതിരെ 46 (34) റണ്‍സും നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട് ഷെഫാലി. 114 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏറ്റവും കൂടുല്‍ സിക്‌സ് നേടിയ താരവം 16കാരിയാണ്. ഇതുവരെ എട്ട് സിക്‌സാണ് ഷെഫാലി നേടിയത്. രണ്ടാം സ്ഥാനത്തുള്ള അലീസ ഹീലിയും ഹീതര്‍ നൈറ്റും നേടിയത് നാല് വീതം സിക്‌സ് മാത്രം.

തുടര്‍ച്ചയായി രണ്ട് പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളാണ് ഷെഫാലിയെ തേടിയെത്തിയത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ പ്രകടനങ്ങള്‍ക്കാണ് ഷെഫാലിയെ തേടി അവാര്‍ഡുകളെത്തിയത്. ഇതോടെ മറ്റൊരു നേട്ടവും ഹരിയാനക്കാരിയെ തേടിയെത്തി. ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ട് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി ഷെഫാലി. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലറാണ് മറ്റൊരു താരം.

ഓപ്പണറായി ഇറങ്ങി ടീമിന് സമ്മാനിക്കുന്ന വെടിക്കെട്ട് തുടക്കമാണ് പലപ്പോഴും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിട്ടുള്ളത്. അതുകൊണ്ട് തന്നെ കൗമാരതാരത്തെ ലേഡി സെവാഗ് എന്ന് വിളിക്കുന്നവരുമുണ്ട്. കിരീടത്തേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ അപ്രതീക്ഷിത കരുത്താവുകയാണ് ഷെഫാലി.

Follow Us:
Download App:
  • android
  • ios