കാന്‍ബറ: ഓപ്പണിംഗ് സഖ്യം ഷെഫാലി വര്‍മയെ പ്രശംസിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്‌മൃതി മന്ദാന. പതിനാറുകാരിയായ ഷെഫാലി ടീമിനെ സന്തുലിതമാക്കി എന്നാണ് മന്ദാന പറയുന്നത്. 

'ടി20യില്‍ ഷെഫാലിയുടെ വരവ് മഹത്തായ കാര്യമാണ്. ഷെഫാലിക്കൊപ്പം അനായാസം ബാറ്റ് ചെയ്യാനാകും. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളായി, പ്രത്യേകിച്ച് പവര്‍പ്ലേയില്‍ ഞാന്‍ വളരെ റണ്‍സ് കണ്ടെത്തിയിരുന്നു. ഷെഫാലി ഇപ്പോള്‍ എന്നെപ്പോലെ റണ്‍സ് നേടുകയാണ്. ഇത് ടീമിനെ കൂടുതല്‍ സന്തുലിതമാക്കി. സ്വതസിദ്ധമായ ശൈലിയിലാണ് ഷെഫാലി റണ്‍സ് കണ്ടെത്തുന്നത്. അത് മാറ്റാന്‍ ആര്‍ക്കുമാകില്ല. ആദ്യ ഓവര്‍ മുതല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കാകുന്നു. നിലവിലെ ടീമില്‍ ഷെഫാലി വലിയ സാന്നിധ്യമാണ്' എന്നും സ്‌മൃതി മന്ദാന വ്യക്തമാക്കി. 

ഐസിസി വനിതാ ടി20 ലോകകപ്പില്‍ കഴിഞ്ഞ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഷെഫാലി വര്‍മ. ബംഗ്ലാദേശിനെതിരെ 17 പന്തില്‍ 39 റണ്‍സെടുത്തു താരം. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്‌സ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 15 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 29 റണ്‍സുമെടുത്തു ഷെഫാലി. 

ടി20 ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ വനിതകള്‍ വിജയിച്ചു. ഓസ്‌ട്രേലിയക്കെതിരെ 17 റണ്‍സിനും ബംഗ്ലാദേശിനെതിരെ 18 റണ്‍സിനുമായിരുന്നു ജയം. വ്യാഴാഴ്‌ച ന്യൂസിലന്‍ഡിന് എതിരെയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം. 

Read more: വനിത ടി20 ലോകകപ്പ്: ബംഗ്ലാദേശ് തകര്‍ന്നു, ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം