വനിതാ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക്, പരിക്കേറ്റ പ്രതീക റാവലിന് പകരം ഷെഫാലി വർമ ഓപ്പണറായെത്തും.

നവി മുംബൈ: വനിതാ ലോകകപ്പില്‍ ഇന്ത്യ - ഓസ്‌ട്രേലിയ സൂപ്പര്‍ സെമിഫൈനല്‍ ഇന്ന്. ആദ്യ കിരീടം തേടി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ എട്ടാം കിരീടമാണ് ഓസീസ് ലക്ഷ്യം. നവി മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3 മണിക്കാണ് മത്സരം. കരുത്തരായ ഓസ്‌ട്രേലിയെ തോല്‍പിച്ച് കണക്കുതീര്‍ത്ത് കലാശപ്പോരിനിറങ്ങാനുള്ള സുവര്‍ണാവസരം. സ്വന്തം മണ്ണിലെ വിശ്വകിരീട പോരില്‍ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍. മൂന്ന് വീതം ജയവും തോല്‍വിയും. ഗ്രൂപ്പില്‍ തോല്‍പിച്ചവരില്‍ ഓസ്‌ട്രേലിയയുമുണ്ട്. 330 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

തുടക്കത്തിലെ പാളിച്ചകള്‍ക്ക് ശേഷം സൂപ്പര്‍ താരം സ്മൃതി മന്ദാന ഫോമിലെക്കെത്തിയതാണ് ഇന്ത്യയുടെ ആശ്വാസം. ഏഴ് മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ്. സ്മൃതി തകത്തടിച്ചാല്‍ ഇന്ത്യ ഹാപ്പി. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷെഫാലി വര്‍മയാകും ഓപ്പണറായി എത്തുന്നത്. ഷെഫാലി സര്‍പ്രൈസ് ഹിറ്റാകുമെന്ന് പ്രതീക്ഷ. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് മധ്യനിരയുടെ കരുത്തായെത്തുമ്പോള്‍ ജെമീമയ്ക്കും ഹര്‍ലീന്‍ ഡിയോളിനും കൂറ്റനടിയുടെ ചുമതല. ആദ്യം ബാറ്റുചെയ്ത് കൂറ്റന്‍ സ്‌കോറിലേക്കെത്തുക തന്നെയാകും ടീമിന്റെ ലക്ഷ്യം.

ബോളിങ്ങില്‍ ദീപ്തി ശര്‍മ, ശ്രീ ചരണി, ക്രാന്തി ഗൗദ് ത്രയമാണ് ഇന്ത്യന്‍ പ്രതീക്ഷ. ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് ദീപ്തി നേടിയത്. ഒരൊറ്റ മത്സരവും തോല്‍ക്കാതെയാണ് ടൂര്‍ണമെന്റില്‍ ഓസീസ് കുതിപ്പ്. പാക്കിസ്ഥാനെതിരെ 76 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടമായി. പക്ഷേ, ടീം ടോട്ടല്‍ 221ലെത്തി. വിജയവും നേടി. ഇന്ത്യയ്‌ക്കെതിരെ 331 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. ക്യാപ്റ്റന്‍ അലീസ ഹെയ്‌ലി, ആഷ്‌ലി ഗാര്‍ഡനര്‍, എല്ലിസ് പെറി എന്നിങ്ങനെ മാച്ച് വിന്നര്‍മാര്‍ ഏറെയുണ്ട് ടീമില്‍. പേസര്‍ അന്നബല്‍ സതര്‍ലന്‍ഡാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ആശങ്ക സൃഷ്ടിക്കുക.

2017 ഏകദിന ലോകപ്പിലാണ് നോക്കൗട്ടില്‍ ഇന്ത്യ, ഓസ്‌ട്രേലിയ പോരാട്ടമുണ്ടായത്. 36 റണ്‍സിനാണ് അന്ന് ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. അത്തരമൊരു പ്രകടനം തന്നെയാകും ഇന്ത്യന്‍ വനിതകളുടെ ലക്ഷ്യം. നവി മുംബൈയില്‍ ഓസീസിനെ മറികടക്കാന്‍ പോന്നൊരു ന്യൂ ഇന്ത്യയായി വിമണ്‍ ഇന്‍ ബ്ലൂസ് മാറുമെന്ന് പ്രതീക്ഷിക്കാം.

YouTube video player