മത്സരത്തില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്രീദിയുടെ സ്പെല്ലിന് മുന്നില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെയായിരുന്നു പാക്കിസ്ഥാന്‍റെ ജയം.

കറാച്ചി: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ഇന്ത്യയുടെ സെമി സാധ്യതകള്‍പോലും തകര്‍ത്തത് പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍(IND vs PAK) ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഓപ്പണിംഗ് സ്പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ തന്നെ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) മടക്കിയ അഫ്രീദി അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയെയും(Virat Kohli) കളിയുടെ അവസാനം പുറത്താക്കി. തുടക്കത്തില്‍ അഫ്രീദിയുടെ ഇരട്ടപ്രഹരത്തില്‍ നിന്ന് മോചിതരാവാതിരുന്ന ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റു.

മത്സരത്തില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്രീദിയുടെ സ്പെല്ലിന് മുന്നില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെയായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ തോല്‍ക്കുന്നത്. പാക്കിസ്ഥാനോട് തോറ്റതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമായി. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി.

ഇപ്പോഴിതാ അഫ്രീദിതന്‍റെ സ്വപ്ന ഹാട്രിക്കിലൂടെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുകയാണ്. ക്രിക് ഇന്‍ഫോയുടെ ചോദ്യോത്തര പരിപാടിയിലാണ് അഫ്രീദി താന്‍ ഹാട്രിക്കിലൂടെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞതച്. മറ്റാരുമല്ല, ലോകകപ്പില്‍ പുറത്താക്കിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും തന്നെ.

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ടി20 പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഈ പോരാട്ടത്തില്‍ അഫ്രീദി സ്വപ്ന ഹാട്രിക് നേടുമോ അതോ രോഹിത്തും സംഘവും പ്രതികാരം വീട്ടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷത്തെ ഐസിസിയുടെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അഫ്രീദിയായിരുന്നു.