ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ റിസ്‌വാനൊപ്പമാണ് കളിച്ചു തുടങ്ങിയതെന്നും താന്‍ കണ്ടിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച നായകനാണ് റിസ്‌വാനെന്നും അഫ്രീദി വ്യക്തമാക്കി. ബാബര്‍ അസം ആണ് ഏറ്റവും മികച്ച രണ്ടാമത്തെ ക്യാപ്റ്റനെന്നും അഫ്രീദി പറഞ്ഞു.

ലാഹോര്‍: ബാബര്‍ അസമിനെക്കാള്‍(Babar Azam) മികച്ച നായകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെന്ന്(Mohammad Rizwan ) പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.

ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ റിസ്‌വാനൊപ്പമാണ് കളിച്ചു തുടങ്ങിയതെന്നും താന്‍ കണ്ടിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച നായകനാണ് റിസ്‌വാനെന്നും അഫ്രീദി വ്യക്തമാക്കി. ബാബര്‍ അസം ആണ് ഏറ്റവും മികച്ച രണ്ടാമത്തെ ക്യാപ്റ്റനെന്നും അഫ്രീദി പറഞ്ഞു.

മുഹമ്മദ് റിസ്‌വാന്‍റെ വ്യക്തിത്വം എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏറ്റവും മികച്ച ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ എനിക്ക് മടിയില്ല. ദേശീയ ടീമിന്‍റെ നായകനായി മികച്ച പ്രകടനം നടത്തുന്ന ബാബര്‍ അസമിനെ ഞാന്‍ രണ്ടാമത്തെ മികച്ച നായകനായി തെരഞ്ഞെടുക്കും. ബാബറിന് കീഴില്‍ പാക് ടീം പുതിയ ഉയരങ്ങള്‍ കീവടക്കുമെന്നും-അഫ്രീദി പറഞ്ഞു.

ബാറ്റിംഗിന്‍റെ കാര്യമെടുത്താന്‍ ഏറ്റവും മികച്ച ബാറ്റര്‍ ബാബര്‍ അസം തന്നെയാണെന്നും അഫ്രീദി പറഞ്ഞു. ബാബറാണ് എന്‍റെ പ്രിയപ്പെട്ട ബാറ്റര്‍. ഒന്നാം നമ്പര്‍ ബാറ്ററുമാണ് ബാബര്‍. ക്യാപ്റ്റനെന്ന നിലയില്‍ പാക് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ബാബറിനാവുമെന്നും അഫ്രീദി പറഞ്ഞു.

പാക്കിസ്ഥാനുവേണ്ടി 21 ടെസ്റ്റുകളിലും 28 ഏകദിനങ്ങളിലും 39 ടി20 മത്സരങ്ങളിലും അഫ്രീദി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 86ഉം, ഏകദിനത്തില്‍ 53ഉം ടി20യില്‍ 45ഉം വിക്കറ്റുകളാണ് 21കാരനായ ഇടംകൈയന്‍ പേസറുടെ നേട്ടം.