ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തി പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെയും ഉള്‍പ്പെടുത്തിയാണ് അഫ്രീദിയുടെ പട്ടിക. 

ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദിയുടെ പ്രതികരണം. ഇഷ്ടപ്പെട്ട ബാറ്റ്സ്‌മാന്‍റെ പേര് ചോദിച്ചപ്പോഴാണ് നാല് താരങ്ങളുടെ പട്ടിക അഫ്രീദി പുറത്തുവിട്ടത്. എന്നാല്‍ കോലിയെയോ ബാബറിനെയോ കൂടുതല്‍ ഇഷ്ടം എന്ന മറ്റൊരു ആരാധകന്‍റെ ചോദ്യത്തിന് 'രണ്ടുപേരെയും' എന്നായിരുന്നു അഫ്രീദിയുടെ മറുപടി. 

മൊഹാലി ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയശില്‍പിയായ കോലിയെ പ്രശംസിച്ച് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'അഭിനന്ദനങ്ങള്‍ വിരാട് കോലി. നിങ്ങളൊരു വിഖ്യാത താരമാണ്. മികവ് തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങള്‍ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുക'- എന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ്.