ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു പാക് മുന്‍ നായകന്‍ കൂടിയായ ഷാഹിദ് അഫ്രീദി

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ വമ്പന്‍ തിരിച്ചുവരവാണ് ഏവരും പ്രതീക്ഷിക്കുന്നത്. സെഞ്ചുറിയില്ലാത്ത 1000 ദിനങ്ങള്‍ പിന്നിട്ട കോലി വിമര്‍ശകര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ ടീമിലെ സ്ഥാനം സുരക്ഷിതമാക്കാനും ഏഷ്യാ കപ്പിലെ പ്രകടനം കോലിക്ക് അത്യാവശ്യമാണ്. കോലിയുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പാക് മുന്‍താരം ഷാഹിദ് അഫ്രീദി. 

ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു പാക് മുന്‍ നായകന്‍ കൂടിയായ ഷാഹിദ് അഫ്രീദി. കോലിയുടെ ഭാവിയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. ഭാവി കോലിയുടെ തന്നെ കൈകളിലാണ് എന്നായിരുന്നു ഇതിന് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം. കോലി 1000 ദിനങ്ങളായി സെഞ്ചുറി കണ്ടെത്താത്തതിനെ കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ഇതിനും അഫ്രീദി മറുപടി നല്‍കി. പ്രതിസന്ധി ഘട്ടങ്ങള്‍ മാത്രമേ വമ്പന്‍ താരങ്ങളെ കാണിക്കുകയുള്ളൂ എന്നായിരുന്നു മുന്‍താരത്തിന്‍റെ പ്രതികരണം. 

Scroll to load tweet…
Scroll to load tweet…

ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. 1000ത്തിലേറെ ദിവസങ്ങളായി ഒരു സെഞ്ചുറി നേടിയിട്ട് എന്നത് മാത്രമല്ല, നീണ്ട വിശ്രമം കഴിഞ്ഞാണ് കോലി മൈതാനത്തേക്ക് തിരിച്ചെത്തുന്നതും. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു മത്സരത്തിലും 20ലേറെ റണ്‍സ് കണ്ടെത്താനാകാതെ വന്ന കോലി വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യാ കപ്പിലൂടെ മടങ്ങിവരുന്നത്. 

2019 നവംബറിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണും കനത്ത നിരാശ സമ്മാനിച്ചു. ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങള്‍. ടി20 ബാറ്റര്‍മാരില്‍ 32-ാം സ്ഥാനം മാത്രമുള്ള കോലിക്ക് ഏഷ്യാ കപ്പിലൂടെ റാങ്കിംഗില്‍ കുതിച്ചുയരേണ്ടതുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യ-പാക് ടീമുകള്‍ അവസാനമായി മുഖാമുഖം വന്നത്. അന്ന് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 57 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു. അതിനാല്‍ തന്നെ പാക് ടീമിനെതിരെ കോലി ഫോമിലെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 ടി20യിൽ 3308 റൺസും ആകെ 70 സെഞ്ചുറികളുമുള്ള താരമാണ് കോലി. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.