കറാച്ചി: ഇംഗ്ലണ്ടില്‍ നടന്ന 1999ലെ ഏകദിന ലോകകപ്പില്‍ ഓപ്പണറായി ബാറ്റിംഗും ബൗളിംഗവും വശമില്ലാതിരുന്ന ഷാഹിദ് അഫ്രീദിയെ എടുക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ പാക് നായകന്‍ ആമിര്‍ സൊഹൈല്‍. താനായിരുന്ന അന്ന് പാക്കിസ്ഥാന്‍ നായകനായിരുന്നത് എങ്കില്‍ അഫ്രീദിക്ക് പകരം മുഹമ്മദ് യൂസഫിനെ ഓപ്പണറാക്കുമായിരുന്നുവെന്നും സൊഹൈല്‍ വ്യക്തമാക്കി. 1996 മുതല്‍ 1998 വരെ പാക്കിസ്ഥാനെ ആറ് ടെസ്റ്റിലും 22 ഏകദിനങ്ങളിലും സൊഹൈല്‍ നയിച്ചിട്ടുണ്ട്.

ലോകകപ്പ് ടീമില്‍ ന്യൂബോളില്‍ സ്ഥിരതയോടെ നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന ഓപ്പണര്‍ വേണമെന്ന് 1998ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍  സെലക്ടര്‍ഡമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോകകപ്പ് ടീമിലേക്ക് അവര്‍ അഫ്രീദിയെ ആണ് ഓപ്പണറായി തെരഞ്ഞെടുത്തത്. ബൗണ്‍സില്ലാത്ത ഫ്ലാറ്റ് പിച്ചുകളില്‍ മാത്രമെ അഫ്രീദി ഫലപ്രദമാകുകയുള്ളു. ഇംഗ്ലണ്ടിലെ സീമും ബൗണ്‍സും ഉള്ള പിച്ചില്‍ അഫ്രീദിയുടെ ബാറ്റിംഗും ബൗളിംഗും ഒട്ടും ഫലപ്രദമാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ അതൊരു ചൂതാട്ടമായാണ് എനിക്ക് തോന്നിയത്. കാരണം നന്നായി ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അഫ്രീദിക്ക് കഴിയില്ലായിരുന്നു. വസീം അക്രത്തിന് പകരം ഞാനായിരുന്നു നായകനെങ്കില്‍ അന്ന് അഫ്രീദിക്ക് പകരം മുഹമ്മദ് യൂസഫിനെ ടീമിലെടുക്കുമായിരുന്നു-യുട്യൂബ് ചാനലില്‍ സൊഹൈല്‍ പറഞ്ഞു.


പാക്കിസ്ഥാന്‍ ലോകകപ്പ് ഫൈലില്‍ എത്തിയെങ്കിലും ലോകകപ്പില്‍ കളിച്ചത് പാക്കിസ്ഥാന്റെ ലോക്കല്‍ ടീം ആയിരുന്നുവെന്നും സൊഹൈല്‍ പറഞ്ഞു. ടീം തെരഞ്ഞെടുപ്പില്‍ മാനേജ്മെന്റ് കുറച്ചുകൂടി കൃത്യത വരുത്തിയിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാവുമായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പ് തോല്‍വിക്ക് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ടീം കോംബിനേഷന്‍ ശരിയായിരുന്നില്ല. രണ്ട് ഫൈനലില്‍ ടോസ് നേടിയിട്ടും മഴയും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്തു. അതുകൊണ്ടുതന്നെ എന്റെ അനുഭവം വെച്ച് പറയുകയാമെങ്കില്‍ ആ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിച്ചത് വെറുമൊരു ലോക്കല്‍ ടീമിനെ പോലെയായിരുന്നു. ഒരു മത്സരത്തില്‍ കളിച്ചവരെ അടുത്ത മത്സരത്തില്‍ കാണാന്‍ കഴിയുമായിരുന്നില്ല. ബാറ്റിംഗ് ഓര്‍ഡറും ഇതുപോലെ പലവട്ടം മാറിമറിഞ്ഞു.

ഫൈനലിന് മുമ്പെ ലോര്‍ഡ്സില്‍ ദിവസങ്ങളായി മഴ പെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ കാര്യങ്ങള്‍ അനുകൂലമായിരിക്കും. എന്നിട്ടും ടോസ്  ലഭിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. സലീം മാലിക്ക് എന്നോട് പറഞ്ഞിരുന്നു, ടോസ് കിട്ടിയപ്പോള്‍ ബാറ്റിംഗ് എടുക്കരുതെന്ന് വസീം അക്രമിനോട് അപേക്ഷിച്ചിരുന്നുവെന്ന്. ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നിലേക്ക് നമ്മുടെ ബാറ്റ്സ്മാന്‍മാരെ ഇട്ടുകൊടുക്കരുതെന്ന്.

അന്ന് ആദ്യം ബൗളിംഗ് തെര‍ഞ്ഞെടുത്തിരുന്നെങ്കില്‍ ഫലം ഒരുപക്ഷെ വ്യത്യസ്തമാവുമായിരുന്നു. കാരണം, അന്ന് ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച ഫോമിലായിരുന്നു. എതിരാളികളെ കുറഞ്ഞ സ്കോറില്‍ പുറത്താക്കാന്‍ അവര്‍ക്കാവുമായിരുന്നുവെന്നും സൊഹൈല്‍ പറഞ്ഞു.1999ലെ ലോകകപ്പില്‍ അഫ്രീദി സമ്പൂര്‍ണ പരാജയമായിരുന്നു. ലോകകപ്പിലെ ഏഴ് ഇന്നിംഗ്സുകളില്‍ 13.28 ശരാശരിയില്‍  93 റണ്‍സ് മാത്രമാണ് അഫ്രീദിക്ക് നേടാനായത്.