ദുബായ്: വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടെസ്റ്റ്- ടി20 നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വര്‍ഷത്തെ വിലക്ക്. ഐസിസിയാണ് താരത്തെ എല്ലാ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. ഇതോടെ ഷാക്കിബിന് ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനാവില്ല.

ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി ഐസിസി അഴിമതി വിരുദ്ധ കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചു. ഇതോടെ തല്‍ക്കാലം ഒരു വര്‍ഷത്തെ വിലക്ക് അനുഭവിച്ചാല്‍ മതി ഷാക്കിബിന്. ഷാക്കിബിന് 2020 ഒക്‌ടോബര്‍ 29ന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താം. ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് ഷാക്കിബ്. 

'താനേറെ ഇഷ്ടപ്പെടുന്ന ഗെയിമില്‍ നിന്ന് വിലക്ക് ലഭിക്കുന്നത് ദുഖകരമാണ്. എന്നാല്‍ വാതുവയ്‌പുകാര്‍ സമീപിച്ചത് അറിയിച്ചില്ല എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുന്നു. ഐസിസി അഴിമതി നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ താരങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ട്. എന്നാല്‍ എന്‍റെ ജോലി ഞാന്‍ നിറവേറ്റിയില്ല. ഭൂരിപക്ഷം താരങ്ങളെയും ലോകമെമ്പാടുമുള്ള ആരാധകരെയും പോലെ ക്രിക്കറ്റ് അഴിമതിരഹിതമായിരിക്കണം എന്നാണ് എന്‍റെയും ആഗ്രഹം. ഐസിസി അഴിമതി വിരുദ്ധ സമിതിയുമായി ഭാവിയില്‍ നന്നായി പ്രവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു. യുവ താരങ്ങള്‍ തന്‍റെ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും' എന്നും ഷാക്കിബ് അല്‍ ഹസന്‍ പ്രതികരിച്ചു. 

 

'ഷാക്കിബ് അല്‍ ഹസന്‍ ഏറെ പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ്. എന്താണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമായി അറിയാവുന്ന, ഒട്ടേറെ ക്ലാസുകളില്‍ പങ്കെടുത്തയാളാണ് ഷാക്കിബ്. വാതുവയ്‌പുകാര്‍ സമീപിച്ചത് അറിയിക്കണമായിരുന്നു. ഷാക്കിബ് എല്ലാ കുറ്റങ്ങളും സമ്മതിക്കുകയും അഴിമതി വിരുദ്ധ കമ്മീഷന്‍റെ അന്വേഷണവുമായി സഹകരിക്കുകയും ചെയ്തു. യുവ താരങ്ങളെ ബോധവല്‍ക്കരിക്കാനുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും സഹകരണവും ഷാക്കിബ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതില്‍ സന്തോഷമുണ്ടെന്നും' ഐസിസി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു.