ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശിന്റെ വിശ്വസ്ഥനായ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ സേവനം ടീമിന് ലഭിക്കില്ല. കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഷാക്കിബിന് മത്സരം നഷ്ടമാവും. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് ഇപ്പോള്‍ തന്നെ പിന്നിലാണ്. അതിനിടെ ഷാക്കിബിന്റെ പരിക്ക് ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ബംഗ്ലാദേശിനുണ്ടാക്കുക.  പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആദ്യ ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാതിരുന്ന ഷാക്കിബ് പന്തെറിയാനും എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മികച്ച സ്പിന്നറെ ബംഗ്ലാദേശിന് നഷ്്ടമായി. ഷാക്കിബിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മത്സരം ജയിക്കുകയായിരുന്നു. 394 റണ്‍സ് പിന്തുടര്‍ന്നാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. 

ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ 210 റണ്‍സ് നേടി പുറത്താവാതെ നിന്ന കെയ്ല്‍ മയേഴ്‌സാണ് വിന്‍ഡീസിന് വിജയം സമ്മാനിച്ചത്. മയേഴ്‌സിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടെയായിരുന്നത്. ബൗളിങ്ങില്‍ ബംഗ്ലാദേശ് നാല് ബൗളര്‍മാരെ വച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. അടുത്ത വെള്ളിയാഴ്ച്ച ധാക്കയിലാണ് രണ്ടാം ടെസ്റ്റ്.