ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഷമര്‍ ജോസഫ് കരിയറിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ ബാറ്ററായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് അരങ്ങേറിയത്.
ലഖ്നൗ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റത്തില്‍ തന്നെ താരമായ വെസ്റ്റ് ഇൻഡീസ് പേസര്‍ ഷമര്‍ ജോസഫ് ഐപിഎല്ലിന്. ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരം ഷമര്‍ ജോസഫിനെ സ്വന്തമാക്കിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ്. മൂന്ന് കോടി രൂപക്കാണ് ഷമര്‍ ലഖ്നൗ ടീമിലെത്തുന്നത്. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായാണ് മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലില്‍ നിന്ന് പിന്‍വലിച്ചത്. ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പേസര്‍ ജോഫ്ര ആര്‍ച്ചറെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഷമര്‍ ജോസഫ് കരിയറിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ ബാറ്ററായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് അരങ്ങേറിയത്. ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയ ഷമര്‍ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് പിഴുത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചതോടെയാണ് ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍ താരമായത്.
ഓസ്ട്രേലിയയില്‍ ടെസ്റ്റില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് വിജയം നേടിയത് ഷമറിന്‍റെ ബൗളിംഗ് മികവിലായിരുന്നു. ടെസ്റ്റ് പരമ്പരക്ക് ശേഷം നാട്ടിലെത്തിയ ഷമറിനെ വീരോചിത വരവേല്‍പ്പാണ് നാട്ടുകാരും ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നൊരുക്കിയത്. നേരത്തെ ഐപിഎല്‍ മിനി താര ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഷമറിനെ ആരും ടീമിലെടുത്തിരുന്നില്ല.
മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും ഷമറിനെ നോട്ടമിട്ടിരുന്നെങ്കിലും ഒടുവില്‍ ലഖ്നൗ തന്നെ വിന്‍ഡീസ് പേസ് സെന്‍സേഷനെ ടീമിലെത്തിച്ചു. പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ടോം കറന് പകരം ഷമറിനെ ആര്‍സിബി ടീമിലെത്തിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ടീമുകളെയും പിന്നിലാക്കി കെ എല്‍ രാഹുലിന്‍റെ ലഖ്നൗ മാര്‍ക്ക് വുഡിന് പകരം ഷമറിനെ ടീമിലെത്തിച്ചു ഞെട്ടിക്കുകയായിരുന്നു.
