കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ഷാന്‍ മസൂദും ആബിദ് അലിയും. ശ്രീലങ്കയ്‌ക്ക് എതിരായ കറാച്ചി ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇരുവരും ടെസ്റ്റ് ചരിത്രത്തില്‍ പാക് ഓപ്പണര്‍മാരുടെ രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട് എന്ന നേട്ടത്തിലെത്തി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 278 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 

വിന്‍ഡീസിനെതിരെ ആമിര്‍ സൊഹൈലും ഇജാസ് അഹമ്മദും ചേര്‍ന്ന് 1997ല്‍ നേടിയ 298 റണ്‍സാണ് ഒന്നാമത്. മൂന്നാംദിനം 57/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഷാന്‍ മസൂദും ആബിദ് അലിയും സെഞ്ചുറി തികച്ചു. 69-ാം ഓവറില്‍ ലഹിരു കുമാരയുടെ പന്തില്‍ ഷാന്‍ മസൂദ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 198 പന്തില്‍ മസൂദ് 135 റണ്‍സെടുത്തു. രണ്ടാമനായി പുറത്തായ ആബിദ് അലി 281 പന്തില്‍ 174 റണ്‍സടിച്ചു. ഈ വിക്കറ്റും ലഹിരു കുമാരയ്‌ക്കായിരുന്നു. 

ഇരട്ട നേട്ടവുമായി ആബിദ് അലി

കരിയറിലെ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടുന്ന ആദ്യ പാക് താരമെന്ന നേട്ടത്തിലെത്തി ഇതോടെ ആബിദ് അലി. ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച താരം ആദ്യ ടെസ്റ്റില്‍ 109 റണ്‍സെടുത്തിരുന്നു. ഏകദിന-ടെസ്റ്റ് അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം ആദ്യ ടെസ്റ്റിനിടെ ആബിദ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഏകദിന അരങ്ങേറ്റത്തില്‍ 112 റണ്‍സാണ് താരം നേടിയത്. 

കരിയറിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടുന്ന ഒന്‍പതാമത്തെ താരമാണ് അലി. ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും രോഹിത് ശര്‍മ്മയും ഈ നേട്ടം കൈവരിച്ചവരുടെ പട്ടികയിലുണ്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിലും സെഞ്ചുറി നേടിയ ഏക താരം ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനാണ്.