സമീപകാലത്ത് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ടി20യിലും ഏകദിനത്തിലും വിജയം നേടിയ അധികം ടീമുകളില്ല. അതുതന്നെയാണ് ഓസീസ് ലോകകപ്പ് നേടുമെന്ന് പറയാനുള്ള കാരണമെന്നും വോണ്‍

ലണ്ടന്‍: മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ വിജയികളെ പ്രവചിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിലെ ഫൈവറ്റൈറ്റുകളെങ്കിലും ഇത്തവണ ഓസ്ട്രേലിയ കിരീടം നേടുമെന്ന് വോണ്‍ പറഞ്ഞു. കൃത്യമായ സമയത്താണ് ഓസ്ട്രേലിയന്‍ ടീം ഫോമിലാതെന്നും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചുവരുന്നതോടെ ഓസീസ് കരുത്തരുടെ സംഘമായി മാറുമെന്നും വോണ്‍ പറഞ്ഞു.

വാര്‍ണറും സ്മിത്തുമില്ലാതെ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം അടിച്ചെടുത്ത ഓസീസിന് ഇപ്പോള്‍ ഏത് പ്രതിസന്ധിഘട്ടത്തില്‍ നിന്നും തിരിച്ചുവരാമെന്ന ആത്മവിശ്വാസമുണ്ട്. ആ മത്സരത്തില്‍ ശരിക്കും ഇന്ത്യയായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാം മത്സരം മാത്രം കളിക്കുന്ന ആഷ്ടണ്‍ ടര്‍ണറെ പോലൊരു യുവതാരം കളിതിരിച്ചുകളിഞ്ഞു.

സമീപകാലത്ത് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ടി20യിലും ഏകദിനത്തിലും വിജയം നേടിയ അധികം ടീമുകളില്ല. അതുതന്നെയാണ് ഓസീസ് ലോകകപ്പ് നേടുമെന്ന് പറയാനുള്ള കാരണമെന്നും വോണ്‍ പറഞ്ഞു. ഇതിനുപുറമെ 1999ല്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്നപ്പോള്‍ വിജയികളായ ചരിത്രവും ഓസീസിന് അനുകൂലമായുണ്ടെന്നും വോണ്‍ ചൂണ്ടിക്കാട്ടി.

കുല്‍ദീപും ചാഹലും ജഡേജയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണെന്നും അതുതന്നെയാണ് ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളാവാന്‍ കാരണമെന്നും വോണ്‍ പറഞ്ഞു. കളി നിര്‍ത്തുമ്പോഴേക്കും ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരിലായിരിക്കുമെന്നും വോണ്‍ പറഞ്ഞു.