മെല്‍ബണ്‍: ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഓസ്ട്രേലിയന്‍ മുന്‍ നായകനും തന്റെ സഹതാരവുമായിരുന്ന സ്റ്റീവ് വോ ആണ് ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ താരമെന്ന് വോണ്‍ പറഞ്ഞു. കരിയറില്‍ സ്റ്റീവ് വോ 104 റണ്ണൗട്ടുകളില്‍ ഭാഗമായിട്ടുണെന്നും ഇതില്‍ 73 തവണയും അദ്ദേഹത്തിന്റെ ബാറ്റിംഗ് പങ്കാളികളായിരുന്നു പുറത്തായതെന്നും വ്യക്തമാക്കുന്ന ട്വീറ്റിന് മറുപടിയായാണ് വോണ്‍ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.

ഇത് ഒരു ആയിരം തവണയെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. അറിയാത്തവര്‍ക്ക് വേണ്ടി വീണ്ടും പറയാം. എനിക്ക് സ്റ്റീവ് വോയോട് വെറുപ്പൊന്നുമില്ല. ഞാന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഓസീസ് ടീമില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ, ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരന്‍ സ്റ്റീവ് വോ ആണ്. ഈ കണക്കുകളും അത് തന്നെയാണല്ലോ പറയുന്നത് എന്നായിരുന്നു വോണിന്റെ മറുപടി.

സ്റ്റീവ് വോക്കെതിരെ മുമ്പും വോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ആത്മകഥയായ 'നോ സ്പിന്നില്‍' സ്റ്റീവ് വോ ആണ് ഏറ്റവും സ്വാര്‍ത്ഥമനായ കളിക്കാരനെന്ന് വോണ്‍ പറഞ്ഞിരുന്നു. തന്റെ ബാറ്റിംഗ് ശരാശരി 50 ആക്കണമെന്ന് മാത്രമെ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുള്ളൂവെന്നും വോണ്‍ ആരോപിച്ചിരുന്നു. സ്റ്റീവ് വോയ്ക്ക് തന്നോട് അസൂയായിരുന്നുവെന്നും അതിനാലാണ് ടീമില്‍ നിന്ന് ഒരിക്കല്‍ തഴഞ്ഞതെന്നും വോണ്‍ പറഞ്ഞിരുന്നു.


1992ല്‍ ഓസീസിനായി അരങ്ങേറിയ വോണിനെ 1999ല്‍ വെസ്റ്റ് ഇന്‍ഡീസി് പര്യടനത്തിലെ ഒരു ടെസ്റ്റിനുള്ള ടീമില്‍ നിന്ന് സ്റ്റീവ് വോ കാരണമൊന്നുമില്ലാതെ ഒഴിവാക്കിയിരുന്നു. മുന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടും വോണിനെ ടീമിലുള്‍പ്പെടുത്താന്‍ വോ തയാറായില്ല. കരിയറില്‍ ഒരേയൊരു തവണ മാത്രമാണ് വോണിനെ ഇത്തരത്തില്‍ ടീമില്‍ നിന്ന് തഴഞ്ഞത്.

Also Read: ടര്‍ക്കിഷ് വെബ് സീരീസില്‍ വിരാട് കോലിയുടെ അപരനെ കണ്ട് ഞെട്ടി മുഹമ്മദ് ആമിര്‍

ക്യാപ്റ്റനായശേഷം സ്റ്റീവ് വോ ആകെ മാറിയെന്നും വോണ്‍ ആത്മകഥയില്‍ പറഞ്ഞിരുന്നു. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ട് പറയുന്നതല്ല. മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ എന്നെ ഒഴിവാക്കുന്നതില്‍ എനിക്ക് യാതൊരു വിഷമവുമില്ല. എന്നാല്‍ എന്റെ പ്രകടനത്തെക്കാളുപരി അതില്‍ മറ്റ് ചില കാര്യങ്ങളുണ്ടായിരുന്നു. പ്രധാനമായും എന്റെ കഴിവിലുള്ള അസൂയ തന്നെയായിരുന്നു അതിന് പിന്നില്‍.

ആദ്യ മൂന്ന് ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി പിന്തുണച്ചത് വോ ആയിരുന്നു. തോളിനേറ്റ പരിക്കില്‍ നിന്ന് മോചിതനായി പഴയതാളം വീണ്ടെടുക്കുകയായിരുന്നു ഞാന്‍. ടീമിനൊപ്പമുണ്ടായിരുന്ന സെലക്ടര്‍മാരായ അലന്‍ ബോര്‍ഡറും ജെഫ് മാര്‍ഷും എന്നെ പിന്തുണച്ചു. എന്നാല്‍ എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തില്‍ വോ ഉറച്ചുനിന്നു.

Also Read: എളുപ്പവഴികള്‍ ഒന്നുമില്ല, ധോണിക്ക് തിരിച്ചുവരവ് ദുഷ്‌കരം; വെളിപ്പെടുത്തലുമായി മുന്‍താരം

പ്രതിസന്ധികാലത്ത് വോ എന്നെ പിന്തുണച്ചില്ല. ഒരിക്കല്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ച് അതുണ്ടായില്ലെന്നും വോണ്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു.