പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്‍റെ കുടുംബത്തിനും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്‍റെ മൃതദേഹം ഓസ്ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്‍മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു.

ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ്(Thai Police) വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ തായ്‌ലന്‍ഡിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വോണിന്‍റേത് സ്വാഭാവിക മരണമാണെന്നും തായ് പോലീസ് വ്യക്തമാക്കി. വോണിന്‍റെ ശരീരത്തിലും മുറിയിലും രക്തത്തുള്ളികള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടി വിശദമായി പരിശോധിച്ചശേഷം മരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് ലഫ്.ജനറല്‍ സുര്‍ചാതെ ഹാക്പാണ്‍ പറഞ്ഞു. വോണിന്‍റെ മരണം സംബന്ധിച്ച എല്ലാ സാധ്യതകളും വിശദമായി പോലീസ് പരിശോധിച്ചിരുന്നുവെന്നും അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും ഹാക്‌പോണ്‍ വ്യക്തമാക്കി.

Also Read: അക്‌സര്‍ പട്ടേല്‍ വന്നു, യുവതാരം പോയി; രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്‍റെ കുടുംബത്തിനും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്‍റെ മൃതദേഹം ഓസ്ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്‍മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വോണിന്‍റെ മുറിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന താന്‍ ചെല്ലുമ്പോള്‍ വോണ്‍ നിലത്ത് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ടോം ഹാള്‍ പറഞ്ഞു.

'ടീമിന്റെ സമ്പാദ്യമാവും അവന്‍'; 10 വര്‍ഷം മുമ്പ് ജഡേജയെ കുറിച്ച് ധോണി പറഞ്ഞ വാക്കുകള്‍ വൈറല്‍

വോണിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതായി അറിയില്ലായിരുന്നുവെന്നും ചെറിയ നെഞ്ചുവേദനയും ശ്വാസതടസ്സവും ഉള്ളതായി അദ്ദേഹം സുഹൃത്തിനോട് പറഞ്ഞിരുന്നതായി അറിഞ്ഞുവെന്നും ഹാള്‍ വ്യക്തമാക്കി. വോണിന് ആസ്തമ സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നതായി കുടുംബവും അറിയിച്ചിരുന്നു.

രണ്ടോ മൂന്നോ ആഴ്ചക്ക് അകം ഓസ്ട്രേലിയയില്‍ എത്തിക്കുന്ന വോണിന്‍റെ മൃതദേഹം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്കാരം എന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.