മില്‍നെ പുറത്തായതോടെ ട്രാവല്‍ റിസർവ് ആയി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്‍റെ ഭാഗമായി.

വെല്ലിംഗ്ടൺ: അടുത്ത മാസം 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡ് നിരയിൽ മാറ്റം. പരിക്കേറ്റ വെറ്ററൻ പേസർ ആദം മിൽനെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. മിൽനെയ്ക്ക് പകരം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ പേസർ കൈൽ ജാമിസണെ ന്യൂസിലന്‍ഡ് ടീമിൽ ഉൾപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് വേണ്ടി കളിക്കുന്നതിനിടെയാണ് 33-കാരനായ മിൽനെയുടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. തുടര്‍ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ മില്‍നെയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന മിൽനെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് കോച്ച് റോബ് വാൾട്ടർ പറഞ്ഞു.

മില്‍നെ പുറത്തായതോടെ ട്രാവല്‍ റിസർവ് ആയി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്‍റെ ഭാഗമായി. നിലവിൽ ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ മികച്ച ഫോമിലാണ് ജാമിസൺ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ ജാമിസണ്‍ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിന്‍റെ ഇന്ത്യയിലെ ആദ്യ ഏകദിന പരമ്പര വിജയത്തിലും ജാമിസൺ നിർണ്ണായക പങ്കുവഹിച്ചു.

ലോകകപ്പിൽ ഗ്രൂപ്പ് ഡി-യിലാണ് ന്യൂസിലൻഡ്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 8-ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം.മിൽനെയുടെ വേഗതയ്ക്ക് പകരം സബ്കോണ്ടിനന്റ് കണ്ടീഷനിൽ ജാമിസണിന്റെ ഉയരവും ബൗൺസും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക