ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തന്നെയാണ് അതിനുദാഹരണം പുറത്താവാതെ 135 റണ്‍സ് നേടിയ ജഡേജ ടെസ്റ്റില്‍ ഒന്നാകെ 9 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ജഡേജയുടെ വളര്‍ച്ചയില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് (MS Dhoni) വലിയ പങ്കുണ്ട്.

മൊഹാലി: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പുരോഗതി കൈവരിച്ച താരമാണ് രവീന്ദ്ര ജഡേജ (Ravindra Jadeja). ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും അദ്ദേഹം ഒരുപോലെ തിളങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തന്നെയാണ് അതിനുദാഹരണം പുറത്താവാതെ 135 റണ്‍സ് നേടിയ ജഡേജ ടെസ്റ്റില്‍ ഒന്നാകെ 9 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ജഡേജയുടെ വളര്‍ച്ചയില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് (MS Dhoni) വലിയ പങ്കുണ്ട്.

ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ജഡേജ അരങ്ങേറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജഡേജയെ കുറിച്ച് ധോണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2012ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ജഡേജയുടെ ടെസ്റ്റ് അരങ്ങേറ്റം. വിദര്‍ഭയില്‍ നടന്ന മത്സരത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനൊന്നും ജഡേജയ്ക്ക് സാധിച്ചില്ല. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അന്ന് ധോണി ജഡേജയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ''ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്ന ഓള്‍റൗണ്ടറാണ് ജഡേജ. അല്‍പ്പം സമയം നല്‍കി അവന്റെ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ അവസരം നല്‍കുകയാണ് വേണ്ടത്. അവന്‍ ടീമിന്റെ സമ്പാദ്യമായി മാറും.'' ധോണി പറഞ്ഞു.

ധോണിയുടെ വാക്കുള്‍ സത്യമായെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായ താരമായിരിക്കുകയാണ് ജഡേജ. സ്വദേശത്തും വിദേശത്തും ഒരുപോലെ കളിക്കുന്നുവെന്നാണ് ജഡേജയെ മറ്റു ഓള്‍റൗണ്ടര്‍മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.