മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ  ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ 500 വിക്കറ്റ് ക്ലബ്ബിലെത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ‍ിനെക്കുറിച്ച് വലയി പ്രവചനവുമായി ഓസീസ് ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വോണ്‍. സ്റ്റുവര്‍ട്ട് ബ്രോഡ് ടെസ്റ്റില്‍ 700 വിക്കറ്റിനപ്പുറം നേടുമെന്ന് വോണ്‍ പറഞ്ഞു. 500 വിക്കറ്റ് നേടിയ ബ്രോഡ‍ിനെ അഭിനന്ദിച്ചശേഷമാണ് വോണ്‍ വലിയ പ്രവചനം നടത്തിയത്.

അഭിനന്ദനങ്ങള്‍, ടീമിന്റെ വിജയത്തിനും താങ്കളുടെ 500 വിക്കറ്റ് നേട്ടത്തിനും. പ്രായം 34 അല്ലെ ആയുള്ളു, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ട്, 700 ല്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ വലിയ സാധ്യതയും-വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി 700  വിക്കറ്റ് നേടിയ ബൗളറാണ് വോണ്‍. 708 വിക്കറ്റുകളാണ് വോണിന്റെ പേരിലുള്ളത്. പിന്നീട് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ വോണിനെ മറികടന്നു. 800 വിക്കറ്റുകളാണ് മുരളി നേടിയത്.

ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറാണ് 34കാരനായ ബ്രോഡ്. 31ാം വയസില്‍ 500 വിക്കറ്റ് ക്ലബ്ബിലെത്തിയ മുത്തയ്യ മുരളീധരനാണ് ഇക്കാര്യത്തില്‍ ബ്രോഡിന് മുമ്പിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബ്രോഡ് രണ്ടാം മത്സരത്തില്‍ ഉജ്ജ്വല പ്രകടനവുമായാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് സ്വന്തമാക്കിയ ബ്രോഡ് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയാണ് 500 വിക്കറ്റ് നേട്ടം കൈവരിച്ചത്.