സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ വ്യക്തിപരമായ തീരുമാനമാണെന്നും യുവതാരങ്ങള്‍ക്ക് അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സായ് സുദര്‍ശന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. കരുണ്‍ നായര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമി ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. 

ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍. ഷാര്‍ദുലിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളാണ് ഇരുവരും. അവര്‍ എടുത്ത തീരുമാനങ്ങള്‍ വ്യക്തിപരമായിരിക്കും. മുമ്പത്തെപ്പോലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. അതുകൊണ്ടാവാം അവര്‍ വിരമിക്കാന്‍ തീരുമാനിച്ചത്. സീനിയര്‍ താരങ്ങള്‍ ടീമില്‍ ഉള്ളപ്പോള്‍ ഒരുപാട് സംരക്ഷണം ലഭിച്ചിരുന്നു. മാത്രമല്ല, സീനിയര്‍ - ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ മികച്ച ഫലവും ലഭിക്കുമായിരുന്നു.'' ഷാര്‍ദുല്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ട് പര്യടനത്തില്‍ എല്ലാവരും പരീക്ഷിക്കപ്പെടുമെന്നും ഷാര്‍ദുല്‍ വ്യക്തമാക്കി. ''രവീന്ദ്ര ജഡേജയാണ് ടീമിലെ പരിചയസമ്പന്നനായ താരം. ഈ പര്യടനത്തില്‍ എല്ലാവരെയും പരീക്ഷിക്കപ്പെടും. ഇതൊരു പുതിയ വെല്ലുവിളിയാണ്, പക്ഷേ നമുക്ക് കഴിവുണ്ട്. യുവതാരങ്ങള്‍ക്ക് സ്വന്തം കഴിവ് ഉപയോഗിക്കാന്‍ ഈ പര്യടനം ഉപകാരപ്പെടും. അവര്‍ ശരിക്കും ഈ അവസരം ഉപയോഗപ്പെടുത്തണം. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയാണെന്ന് ഞാന്‍ കരുതുന്നു.'' താക്കൂര്‍ വിശദീകരിച്ചു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍