ഐപിഎല്‍ 2023 സീസണിലെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ മിച്ചല്‍ മാര്‍ഷ് നാലാം സ്ഥാനത്തേക്ക് കുതിച്ചു. സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നു.

ലക്‌നൗ: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുനുള്ള ഓറഞ്ച് ക്യാപ്പിനായി പോരില്‍ ആദ്യ മൂന്ന് സ്ഥാനം മാറ്റമില്ലാതെ തുടരുന്നു. 679 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ് പട്ടിക നയിക്കുന്നത്. ഗുജറാത്തിന്റെ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 649 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് മൂന്നാമത്. 640 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. മൂവരും 14 മത്സരങ്ങള് പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ 57 റണ്‍സടിച്ചതാണ് സൂര്യയെ മൂന്നാമതെത്താന്‍ സഹായിച്ചത്. 

ഇത്തവണ ഐപിഎല്ലിന് വരുമ്പോള്‍ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ആരാധകര്‍. എന്നാല്‍ ഇത്തവണ 29, 48, 27*, 67, 28, 40, 26, 68*, 40*, 54, 48*, 35, 73*,57 എന്നിങ്ങനെ സ്ഥിരതയുടെ പര്യായമായ സൂര്യകുമാറിന്റെ ബാറ്റിംഗ് ശരാശരി 71.11 ഉം സ്‌ട്രൈക്ക് റേറ്റ് 167.98 ആണ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മിച്ചല്‍ മാര്‍ഷ് നാലാം സ്ഥാനത്തേക്ക് കയറി. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 37 പന്തില്‍ 67 റണ്‍സ് നേടിയതാണ് മാര്‍ഷിനെ മുന്നേറാന്‍ സഹായിച്ചത്.

13 മത്സരങ്ങളില്‍ 627 റണ്‍സാണ് മാര്‍ഷ് നേടിയത്. വിരാട് കോലി അഞ്ചാം സ്ഥാനത്തേക്ക് കയറി. 600 റണ്‍സ് പിന്നിടാനും കോലിക്ക് സാധിച്ചു. 13 മത്സരങ്ങളില്‍ 602 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 14 മത്സരങ്ങളില്‍ 559 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ ആറാം സ്ഥാനത്താണ്. കെ എല്‍ രാഹുല്‍ (539), ജോസ് ബട്ലര്‍ (538), നിക്കോളാസ് പുരാന്‍ (524), ശ്രേയസ് അയ്യര്‍ (514) എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ പത്ത് വരയെുള്ള സ്ഥാനങ്ങളില്‍. റണ്‍വേട്ടക്കാരില്‍ ആദ്യ 10ലുള്ള ബാറ്റര്‍മാരെല്ലാം 500 കടന്നവരാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.