ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33 പന്തില്‍ പുറത്താവാതെ 55), വിരാട് കോലി (30 പന്തില്‍ 54), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 41) എന്നിവരാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്.

ലക്നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33 പന്തില്‍ പുറത്താവാതെ 55), വിരാട് കോലി (30 പന്തില്‍ 54), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 41) എന്നിവരാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ആര്‍സിബിക്കായി. ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സാണ് ക്വാളിഫയറില്‍ ആര്‍സിബിയുടെ എതിരാളി. നേരത്തെ, റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ലക്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. മൂന്ന് വിക്കറ്റ് മാത്രമാണ് ലക്‌നൗവിന് നഷ്ടമായത്. 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

മോശമല്ലാത്ത തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (19 പന്തില്‍ 30) - കോലി സഖ്യം 61 റണ്‍സ് നേടി. എന്നാല്‍ ആറാം ഓവറില്‍ സാള്‍ട്ട് മടങ്ങറി. ആകാശ് മഹാരാജിന് വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ രജത് പടിധാറിന് (14) തിളങ്ങാന്‍ സാധിച്ചില്ല. വില്യം ഒറൗര്‍ക്കെയാണ് രജതിനെ പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ലിയാം ലിവിംഗ്സ്റ്റണെ (0) ഗോള്‍ഡന്‍ ഡക്ക് ആക്കാനും ഒറൗര്‍ക്കെയ്ക്ക് സാധിച്ചു. മൂന്നിന് മൂന്നിന് 90 എന്ന നിലയിലായി ആര്‍സിബി. വൈകാതെ കോലിയും മടങ്ങി. ആവേശ് ഖാനായിരുന്നു വിക്കറ്റു. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിംഗ്‌സ്. എന്നാല്‍ ജിതേഷ് - മായങ്ക് സഖ്യത്തിന്റെ കൂട്ടുകെട്ട് ആര്‍സിബിക്ക് വിജയം സമ്മാനിച്ചു. 107 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇരുവരും പുറത്താവാതെ നില്‍ക്കുകയായിരുന്നു. ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജിതേഷിന്‍റെ ഇന്നിംഗ്സ്. 

പന്തിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്ന പന്ത് അവസാന മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. മൂന്നാം ഓവറില്‍ തന്നെ മാത്യൂ ബ്രീറ്റ്സ്‌കെയുടെ (14) വിക്കറ്റ് ലക്നൗവിന് നഷ്ടമായി. നുവാന്‍ തുഷാരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് പന്ത് - മാര്‍ഷ് സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും 152 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഈ കൂട്ടുകെട്ട് തന്നെയാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മാര്‍ഷിനെ ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. മാര്‍ഷിന് ശേഷമെത്തിയ നിക്കോളാസ് പുരാന്‍ (13) അവസാന ഓവറില്‍ മടങ്ങി. അബ്ദുള്‍ സമദ് (1) പന്തിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാമതെത്താം. മാറ്റങ്ങളുമായിട്ടാണ് ലക്‌നൗ ഇറങ്ങിയത്. മാത്യൂ ബ്രീറ്റ്‌സ്‌കെ, ദിഗ്‌വേഷ് രാതി എന്നിവര്‍ തിരിച്ചെത്തി. ബെംഗളൂരുവും ചില മാറ്റങ്ങള്‍ വരുത്തി. നുവാന്‍ തുഷാര, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ടീമിലെത്തി. ടിം ഡേവിഡ്, ലുങ്കി എന്‍ഗിഡി എന്നിവരാണ് പുറത്തായത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ. 

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്‌കെ, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്‍, വില്യം ഒറൂര്‍ക്കെ.