കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈക്കായി ഒരു സെഞ്ചുറി അടക്കം 505 റണ്‍സടിച്ച ഷാര്‍ദ്ദുൽ 35 വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു.

മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിനെ ഇനി ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച അജിങ്ക്യാ രഹാനെക്ക് പകരക്കാരനായാണ് ഷാര്‍ദ്ദുല്‍ താക്കൂറിനെ മുംബൈ നായകനായി തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഭ്യന്തര സീസണില്‍ രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമാവും ഷാര്‍ദ്ദുല്‍ മുംബൈയെ നയിക്കുക. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അടുത്ത ക്യാപ്റ്റനെ വളര്‍ത്തിയെടുക്കാനുമായാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നത് എന്ന് രഹാനെ പറഞ്ഞെങ്കിലും 33കാരനായ ഷാര്‍ദ്ദുലിനെ മുംബൈ നായകനായി തെരഞ്ഞെടുത്തത് അപ്രതീക്ഷിതമായി.

യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാൻ, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാളെ നായക സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സര്‍ഫറാസും യശസ്വി ജയ്സ്വാളും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് കൂടി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ സീസണ്‍ മുഴുവന്‍ സേവനം ലഭ്യമാകുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാര്‍ദ്ദുലിനെ നായകാനായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈക്കായി ഒരു സെഞ്ചുറി അടക്കം 505 റണ്‍സടിച്ച ഷാര്‍ദ്ദുൽ 35 വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു. രഞ്ജിയിലെ പ്രകടനത്തിന്‍റെ പേരില്‍ ഐപിഎല്ലില്‍ ലക്നൗ ടീമില്‍ പകരക്കാരനായി ഇടം നേടാനും ഷാര്‍ദ്ദുലിനായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച ഷാര്‍ദ്ദുലിന് പക്ഷെ തിളങ്ങാനായിരുന്നില്ല. ഈ മാസം ഒടുവില്‍ തുടങ്ങുന്ന ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോണ്‍ ക്യാപ്റ്റനായും ഷാര്‍ദ്ദുലിനെ തെരഞ്ഞെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക