സർഫറാസ് ഖാനെ ഒഴിവാക്കിയതിൽ വിമർശനവുമായി ശശി തരൂർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, എന്നാൽ ദേശീയ ടീമിൽ നിന്ന് പുറത്തായ മറ്റ് പരിചയസമ്പന്നരായ കളിക്കാരെയും തരൂർ പിന്തുണച്ചു.
ദില്ലി: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സർഫറാസ് ഖാനെ ഒഴിവാക്കിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. സെലക്ഷൻ പ്രക്രിയയിൽ ആഭ്യന്തര ക്രിക്കറ്റിനെ കുറച്ചുകാണുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ തഴയുന്നത് തികച്ചും പ്രതിഷേധാർഹമായ കാര്യമാണ്. സർഫറാസ് ഖാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65 ശരാശരിയിൽ കൂടുതൽ റൺസ് നേടി. ടെസ്റ്റ് അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറിയും ഇന്ത്യ പരാജയപ്പെട്ട ടെസ്റ്റിൽ 150 ഉം നേടി. ഇംഗ്ലണ്ടിലെമത്സരത്തിൽ 92 റൺസ് നേടി. ഇന്ത്യൻ ടെസ്റ്റ് ടീമിനെതിരായ പരിശീലന മത്സരത്തിൽ ഒരു സെഞ്ച്വറിയും നേടി. എന്നിട്ടും സെലക്ടർമാരുടെ റഫറൻസിൽ നിന്ന് അദ്ദേഹം പുറത്തായെന്നും തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, എന്നാൽ ദേശീയ ടീമിൽ നിന്ന് പുറത്തായ മറ്റ് പരിചയസമ്പന്നരായ കളിക്കാരെയും തരൂർ പിന്തുണച്ചു. അജിൻക്യ രഹാനെ, പൃഥി ഷാ, കരുൺ നായർ എന്നിവർ രഞ്ജി മത്സരങ്ങളിൽ റൺസ് നേടുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ സെലക്ടർമാർ പ്രതിഭകളെ തള്ളിക്കളയാൻ തിടുക്കം കാണിക്കുന്നു. ഐപിഎല്ലിലെ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലെ റൺസിനെയും വിലമതിക്കണമെന്നും അല്ലെങ്കിൽ ആരെങ്കിലും രഞ്ജിയിൽ കളിക്കാൻ മെനക്കെടുമോയെന്നും അദ്ദേഹം ചോദിച്ചു.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ സമീപനത്തിനെതിരെ മുൻകളിക്കാരിൽ നിന്ന് വിമർശനം നേരിടവെയാണ് തരൂരും രംഗത്തെത്തിയത്. നേരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പേസർ മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി 159 റൺസ് നേടിയ അജിങ്ക്യ രഹാനെയും ടീം സെലക്ഷനെ വിമർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് രഞ്ജി സീസണുകളിലായി 1,500-ലധികം റൺസ് നേടിയിട്ടും അവഗണിക്കപ്പെട്ടതിലുള്ള നിരാശ കരുൺ നായരും പ്രകടിപ്പിച്ചു.
