Asianet News MalayalamAsianet News Malayalam

അപകടകരമായി ഫുട്‌ബോള്‍ കളിച്ചു; അന്നെനിക്ക് ധോണിയോട് ദേഷ്യപ്പെടേണ്ടി വന്നു: വെളിപ്പെടുത്തി രവി ശാസ്ത്രി

പരിശീലന സെഷനുകളില്‍ അദ്ദേഹം ഫുട്‌ബോള്‍ കളിക്കുന്നത് മിക്കവരും കണ്ടിട്ടുള്ളതാണ്. മാത്രമല്ല, ബോളിവുഡ് താരങ്ങള്‍ക്കെതിരായ ചാരിറ്റി മാച്ചിലും ധോണി കളിച്ചിരുന്നു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SRH0 മത്സരത്തിന് മുമ്പ് ധോണി ഫുട്‌ബോള്‍ കളിക്കുന്നതും കണ്ടു.

shastri recalls when dhoni love for football left him furious
Author
Mumbai, First Published Apr 9, 2022, 9:38 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni) ക്രിക്കറ്റിനോളം ഇഷ്ടപ്പെടുന്ന മറ്റൊരു കായികയിനം ഫുട്‌ബോളാണ്. പരിശീലന സെഷനുകളില്‍ അദ്ദേഹം ഫുട്‌ബോള്‍ കളിക്കുന്നത് മിക്കവരും കണ്ടിട്ടുള്ളതാണ്. മാത്രമല്ല, ബോളിവുഡ് താരങ്ങള്‍ക്കെതിരായ ചാരിറ്റി മാച്ചിലും ധോണി കളിച്ചിരുന്നു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SRH0 മത്സരത്തിന് മുമ്പ് ധോണി ഫുട്‌ബോള്‍ കളിക്കുന്നതും കണ്ടു.

ഇപ്പോള്‍ ഫുട്‌ബോള്‍ സ്‌നേഹത്തെ കുറിച്ച് വിവരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). അദ്ദേഹം പറയുന്നതിങ്ങനെ... ''ധോണി ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിക്കുക. ഏതെങ്കിലും വിധത്തില്‍ പരിക്കേല്‍ക്കുമോ എന്നുള്ളതാണ് ആശങ്ക. ഏഷ്യാകപ്പ് ഫൈനല്‍ ടോസിന്റെ അഞ്ച് മിനിറ്റ് മുമ്പ് ധോണി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ധോണി വീണിരുന്നു. 

എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു. കളി നിര്‍ത്താന്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. ഞാനെന്റെ ജീവതത്തില്‍ ഇത്ര ഉച്ഛത്തില്‍ സംസാരിച്ചിട്ടില്ല. പാകിസ്ഥാന്‍ പോലെയുള്ള ഒരു ടീമിനെതിരെ ഫൈനലിന് തൊട്ടുമുമ്പ് പ്രധാന താരത്തെ നഷ്ടപ്പെടാന്‍ ഒരു പരിശീലകനും ആഗ്രഹിക്കില്ല. എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല.'' ശാസ്ത്രി പറഞ്ഞു. 

അതേസമയം, സണ്‍റൈസേഴ്‌സിനെതിരെ ധോണി നിരാശപ്പെടുത്തിയിരുന്നു. മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മാര്‍കോ ജാന്‍സന്‍ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റിരുന്നു. ടീം കളിച്ച നാല് മത്സരങ്ങളിലും തോല്‍ക്കുകയാണുണ്ടായത്.  ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ പിന്തുണ നല്‍കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയീന്‍ അലിയണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 

സൂക്ഷ്മതയോടെയാണ് ഹൈദരാബാദ് വിജയത്തിലേക്ക് ബാറ്റേന്തിയത്. വില്യംസണ്‍ ഏകദിന ശൈലിയിലാണ് കളിച്ചത്. 40 പന്തുകള്‍ നേരിട്ടാണ് ക്യാപ്റ്റന്‍ 32 റണ്‍സെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം 89 റണ്‍സ് നേടാന്‍ വില്യംസണിനായി. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച്് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠിയാണ് വിജയം കൊണ്ടുവന്നത്. 

രണ്ട് സിക്‌സും അഞ്ച് ഫോറും താരം നേടി. അഭിഷേകിന് ശേഷം 56 റണ്‍ണും ത്രിപാഠി കൂട്ടിചേര്‍ത്തു. ഇതിനിടെ അഭിഷേക് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ത്രിപാഠിക്കൊപ്പം നിക്കോളാസ് പുരാന്‍ (5) പുറത്താവാതെ നിന്നു.
 

Follow Us:
Download App:
  • android
  • ios