ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം ഒഴിയേണ്ടതില്ലായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിന്റെ (Shoaib Akhtar) തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. 

ദില്ലി: വിരാട് കോലി (Virat Kohli) ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത് നന്നായെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). എന്നാല്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം ഒഴിയേണ്ടതില്ലായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിന്റെ (Shoaib Akhtar) യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

കോലി ഫോമിലേക്ക് തിരിച്ചെത്താനുള്ള വഴിയും ശാസ്ത്രി നിര്‍ദേശിക്കുന്നുണ്ട്. മൂന്ന് മാസം ക്രിക്കറ്റില്‍ വിട്ടുനില്‍ക്കാനാണ് ശാസ്ത്രി പറയുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.. 'നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കോലി ഉപേക്ഷിച്ചത്. നന്നായി. എന്നാല്‍ ടെസ്റ്റില്‍ അദ്ദേഹം തുടരണമായിരുന്നു. കോലിക്ക് കീഴില്‍ ടീം അഞ്ച് വര്‍ഷം ഒന്നാം റാങ്കിലുണ്ടായിരുന്നു. ഒരു പരമ്പരയില്‍ തോറ്റതിന് നായകസ്ഥാനം ഒഴിവാക്കിയത് എന്നെ അമ്പരപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആ വ്യക്തിയുടെ തീരുമാനം നമ്മള്‍ മാനിക്കണം. അദ്ദേഹത്തിന്റെ മനസിലുള്ളതെന്താണെന്ന് നമുക്കറിയില്ല. ഒരുപക്ഷേ, ഇതു മതി എന്ന് അദ്ദേഹത്തിന്റെ ശരീരം പറഞ്ഞിട്ടുണ്ടാകും. 33 വയസായെന്ന യാഥാര്‍ത്ഥ്യം കോലി അദ്ദേഹം മനസിലാക്കുന്നുണ്ടാവും.'' ശാസ്ത്രി വിശദീകരിച്ചു. 

അദ്ദേഹം തുടര്‍ന്നു... ''എന്നാല്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കോലിക്ക് സജീവ ക്രിക്കറ്റില്‍ തുടരാനാവും. മൂന്ന്- നാല് വര്‍ഷം രാജാവിനേപ്പോലെ കളിക്കാം. ഇടയ്ക്ക് രണ്ട്- മൂന്ന് മാസത്തേക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സമയം ഒരു കളിയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ട് പോവാന്‍ കോലിക്ക് സാധിക്കും. തന്റെ ഉത്തരവാദിത്വം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാന്‍ കോലിക്കാവും. അതാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതും.'' ശാസ്ത്രി പറഞ്ഞു. 

''കോലി നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു മനുഷ്യനും സമ്പൂര്‍ണനല്ല. ബയോ സെക്യുര്‍ ബബ്‌ളിലെ തുടര്‍ച്ചയായ ജീവിതം മടുപ്പിക്കും. കോഹ്ലിയേയും മടുപ്പു ബാധിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നത് എളുപ്പമല്ല. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കാര്‍, എം എസ് ധോണി എന്നുള്ളവര്‍ നായകസ്ഥാം ഉപേക്ഷിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സാധ്യമായതിന്റെ പരമാവധി കോഹ്ലി നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയമെന്നത് ചെറിയ കാര്യമല്ല.'' ശാസ്ത്രി വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന-ടി20 പരമ്പരയാണ് കോലി ഇനി കളിക്കേണ്ടത്. രോഹിത് ശര്‍മയക്ക്് കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പരയായിരിക്കുമിത്. അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ പഴയ കോലിയെ കാണാനാകുമെന്നാണ് ആരാധകരുടെ വിശ്വാസം.