ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുന്‍നിര ബാറ്റ്സ്‌മാന്‍മാര്‍ക്ക് ഇത് നല്ലകാലമാണ്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും കെ എല്‍ രാഹുലും വിരാട് കോലിയും അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. ടി20 ലോകകപ്പില്‍ ആരെയൊക്കെ ഓപ്പണറാക്കും എന്ന ആശങ്ക ടീം മാനേജ്‌മെന്‍റിന് ഉദിക്കുക അപ്പോള്‍ സ്വാഭാവികം. ഇതിനോട് ശിഖര്‍ ധവാന്‍റെ മറുപടിയിങ്ങനെ. 

'മൂന്ന് താരങ്ങളും(രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍) മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. 2019 രോഹിത്തിന് സുന്ദരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി രാഹുലും മികച്ചുനില്‍ക്കുന്നു. ഇപ്പോള്‍ ‍ഞാനും ചിത്രത്തിലെത്തിയിരിക്കുന്നു. ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

എന്നാല്‍ ടീം സെലക്ഷന്‍ തനിക്ക് തലവേദനയല്ല. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല, കാരണം ടീം സെലക്ഷന്‍ എന്‍റെ കൈകളിലല്ല. ലഭിച്ച രണ്ട് അവസരങ്ങളിലും മികവുകാട്ടാനായി എന്നത് സന്തോഷം നല്‍കുന്നതായും' ധവാന്‍ വ്യക്തമാക്കി. 

പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ തുടര്‍ന്നും ഓപ്പണറായി ഇറങ്ങാനാണ് സാധ്യത എന്നിരിക്കേ സഹ ഓപ്പണര്‍ ആരാകും എന്നതാണ് ചര്‍ച്ചകള്‍ക്കാധാരം. 99 റണ്‍സുമായി കെ എല്‍ രാഹുലായിരുന്നു ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ ടോപ് സ്‌കോറര്‍. ധവാന്‍റെ സ്‌കോര്‍ 32, 52 എന്നിങ്ങനെയും. 

വിന്‍ഡീസിന് എതിരായ ടി20 പരമ്പരയില്‍ 62, 11, 91 എന്നിങ്ങനെയായിരുന്നു രാഹുല്‍ നേടിയത്. ഏകദിനത്തില്‍ 6, 102, 77 റണ്‍സ് വീതവും രാഹുല്‍ നേടി. ഇതോടെയാണ് രണ്ടാം ഓപ്പണര്‍ സ്ഥാനത്ത് ധവാന്‍- രാഹുല്‍ പോരാട്ടം മുറുകിയത്.