മുപ്പത്തിയെട്ട് വയസിനോട് അടുക്കുന്ന ശിഖര്‍ ധവാന്‍ ടീം ഇന്ത്യക്കായി 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 രാജ്യാന്തര ട്വന്‍റി 20കളുമാണ് കളിച്ചത്
ദില്ലി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനാകുമെന്ന് പ്രതീക്ഷിച്ചിട്ട് സ്‌ക്വാഡില്‍ പോലും പേരില്ലാതിരുന്നത് ഞെട്ടിച്ചെന്ന് ഇന്ത്യന്‍ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സെലക്‌ടര്‍മാര്‍ക്ക് ഭാവിയെ മുന്‍നിര്‍ത്തി പദ്ധതികളുണ്ട് എന്ന് താന്‍ പിന്നീട് തിരിച്ചെറിഞ്ഞെന്നും ഗെയിംസില്‍ മികവ് കാട്ടാന്‍ ഇന്ത്യന്‍ യുവനിരയ്‌ക്കാകുമെന്നും ധവാന്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ധവാന്‍റെ വാക്കുകള്‍.
'ഏഷ്യന്‍ ഗെയിംസിനുള്ള സ‌്‌ക്വാഡില്‍ എന്‍റെ പേരില്ലാതിരുന്നത് ചെറുതായി ഞെട്ടിച്ചു. സെലക്‌ടര്‍മാര്‍ക്ക് മറ്റൊരു പദ്ധതി മനസിലുണ്ട് എന്ന് പിന്നീട് വ്യക്തമായി. ഞാനത് അംഗീകരിക്കുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ മികച്ച യുവതാരങ്ങളും ടീമിലുണ്ട്. അവര്‍ക്ക് മികച്ച പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാനാകും എന്ന് ഉറപ്പാണ്' എന്നും ധവാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഏകദിന ടീം നിലവില്‍ രോഹിത് ശര്‍മ്മ- ശുഭ്‌മാന്‍ ഗില്‍ ഓപ്പണിംഗ് സഖ്യത്തെ ഉറപ്പിച്ചിരിക്കുകയാണ് എന്നിരിക്കേ സീനിയര്‍ ടീമിന്‍റെ ഭാഗമല്ല നിലവില്‍ ധവാന്‍. ടെസ്റ്റ്, ട്വന്‍റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വളരെ മുമ്പുതന്നെ താരം പുറത്തായിരുന്നു.
അതേസമയം സീനിയര്‍ കരിയര്‍ ഏതാണ്ട് അവസാനിച്ചെങ്കിലും ക്രിക്കറ്റിനോട് വിട പറയാന്‍ ശിഖര്‍ ധവാന്‍ ഒരുക്കമല്ല. 'ഞാന്‍ തിരിച്ചുവരവിന് തയ്യാറാണ്. അതിനാലാണ് ഞാന്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത്. ടീമിലേക്ക് തിരിച്ചെത്താന്‍ ഒരു ശതമാനം സാധ്യതയെങ്കിലും എപ്പോഴുമുണ്ട്. ഫിറ്റ്‌നസും പരിശീലനവും എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണ്. സെലക്ടര്‍മാര്‍ കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തേയും ബഹുമാനിക്കുന്നു. ഭാവിയെ കുറിച്ച് സെലക്ടര്‍മാരുമായി സംസാരിച്ചിട്ടില്ല. ഞാനിപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ്. എന്‍സിഎയാണ് എന്‍റെ കരിയറിനെ പരുവപ്പെടുത്തിയത്. എനിക്ക് ഐപിഎല്ലിനായി തയ്യാറെടുക്കണം. മുഷ്‌താഖ് അലി ട്രോഫി ഞാന്‍ കളിക്കും, പറ്റിയാല്‍ വിജയ് ഹസാരേ ട്രോഫിയിലും ഇറങ്ങും' എന്നും ശിഖര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.
മുപ്പത്തിയെട്ട് വയസിനോട് അടുക്കുന്ന ശിഖര്‍ ധവാന്‍ ടീം ഇന്ത്യക്കായി 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 രാജ്യാന്തര ട്വന്‍റി 20കളുമാണ് കളിച്ചത്. ടെസ്റ്റില്‍ ഏഴ് സെഞ്ചുറികളോടെ 2315 ഉം ഏകദിനത്തില്‍ 17 ശതകങ്ങളോടെ 6793 റണ്‍സും ടി20യില്‍ 11 അര്‍ധസെഞ്ചുറികളോടെ 1759 റണ്‍സും പേരിലാക്കി. ടെസ്റ്റില്‍ 2018 സെപ്റ്റംബറിലും ടി20യില്‍ 2021 ജൂലൈയിലും ഏകദിനത്തില്‍ 2022 ഡിസംബറിലുമാണ് ധവാന്‍ അവസാനം ഇന്ത്യക്കായി കളിച്ചത്.
Read more: ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി
