നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തുന്നതിനാല്‍ ബിസിസിഐയുടെ പദ്ധതികളില്‍ നിന്ന് താരം പുറത്തല്ല എന്നുറപ്പ്
ബെംഗളൂരു: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ നായകനാവും എന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ 37കാരനായ ശിഖർ ധവാന്‍റെ പേരുണ്ടായിരുന്നില്ല. ധവാന്‍റെ നേതൃത്വത്തില്‍ യുവനിരയെ ചൈനയിലെ ഗെയിംസിന് അയക്കും എന്നായിരുന്നു മുന്‍ റിപ്പോർട്ടുകള്‍. ഏഷ്യന്‍ ഗെയിംസ് സ്‍ക്വാഡില്‍ പേരില്ലാതിരുന്നതോടെ ധവാന്‍റെ രാജ്യാന്തര കരിയർ അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി എന്നാണ് പുതിയ റിപ്പോർട്ട്.
നിലവില്‍ മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യക്കായി ശിഖർ ധവാന്‍ കളിക്കുന്നില്ല. 2018ഓടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ധവാന്‍ അവസാന ഏകദിനം കളിച്ചത് 2022 ഡിസംബർ 10നും അവസാന രാജ്യാന്തര ട്വന്‍റി 20 കളിച്ചത് 2021 ജൂലൈ 29നുമാണ്. എന്നാല്‍ ഏകദിന ലോകകപ്പ് വരാനിരിക്കേ ധവാന്‍റെ പ്രതീക്ഷകള്‍ വീണ്ടും പൂവണിയുകയാണ്. ദേശീയ ടീമിന്‍റെ ഭാഗമല്ലാതിരുന്നിട്ടും ധവാന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിലവില്‍ പരിശീലനത്തിലാണ്. എന്‍സിഎയിലെ പരിശീലന ചിത്രങ്ങളും വീഡിയോകളും ധവാന്‍ തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണ്‍, സ്‍പിന്നർ യുസ്‍വേന്ദ്ര ചഹല്‍, പേസർ ഉമ്രാന്‍ മാലിക് തുടങ്ങിയവരും ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുണ്ട്.
മാസങ്ങളായി ടീം ഇന്ത്യക്ക് പുറത്താണെങ്കിലും ഇപ്പോഴും സി ഗ്രേഡ് കരാറുള്ള ശിഖർ ധവാന്‍ ഏകദിന ലോകകപ്പ് പദ്ധതികളിലുണ്ട് എന്ന സൂചനയായി എന്‍സിഎയിലെ പരിശീലനത്തെ പലരും കാണുന്നു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ബാക്ക്അപ് ഓപ്പണറായി ധവാനെ കണ്ടേക്കാം. ഐസിസി ഇവന്‍റുകളില്‍ മികച്ച റെക്കോർഡുള്ള താരമാണ് ശിഖർ ധവാന്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ഇടംകൈയന്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായ ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിക്ക് ശേഷം ഫോമിലേക്ക് വരാത്തത് ധവാന്‍റെ സാധ്യത വർധിപ്പിക്കുന്നു. ലോകകപ്പിന്‍റെ അതേസമയത്ത് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവർ പങ്കെടുക്കുന്നുണ്ട് എന്നതിനാല്‍ രോഹിത് ശർമ്മയ്ക്കും ശുഭ്മാന്‍ ഗില്ലിനുമൊപ്പം മൂന്നാം ഓപ്പണറായി ഇഷാന്‍ കിഷനും റിസർവ് താരമായി ധവാനും വരാനാണ് സാധ്യത.
Read more: പരിക്കിനോട് വിട; ചീറ്റപ്പുലി പേസുമായി ജസ്‍പ്രീത് ബുമ്ര- വീഡിയോ
