വിന്‍ഡീസില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച റെക്കോര്‍ഡ് സ്വന്തമാവുമെങ്കിലും വിന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ധവാന് എളുപ്പത്തില്‍ കഴിയില്ല.

ബര്‍മുഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനരികിലാണ് ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ ശിഖര്‍ ധവാന്‍. നാളെ വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിച്ച് ഇറങ്ങുമ്പോള്‍ വിന്‍ഡീസിനെതിരെ വിന്‍ഡീസില്‍ ഏറ്റവും കൂടതല്‍ ഏകദിനങ്ങള്‍ കളിച്ച ഇന്ത്യന്‍ കളിക്കാരനെന്ന വിരാട് കോലിയുടെയും എം എസ് ധോണിയുടെയും നേടത്തിനൊപ്പം ധവാനുമെത്തും. നിലവില്‍ വിന്‍ഡീസില്‍ 14 ഏകദിനങ്ങളിള്‍ കളിച്ച ധവാന്‍ യുവരാജ് സിംഗിനൊപ്പമാണ്.

നാളത്തെ മത്സരം വിന്‍ഡീസില്‍ ധവാന്‍റെ പതിനഞ്ചാമത്തെ മത്സരമാണ്. രണ്ടാം ഏകദിനത്തിലും കളിച്ചാല്‍ കോലിയുടെയും ധോണിയുടെയും റെക്കോര്‍ഡ് മറികടന്ന് ധവാന്‍ ഒന്നാം സ്ഥാനത്തെത്തും. എന്നാല്‍ വിന്‍ഡീസില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച റെക്കോര്‍ഡ് സ്വന്തമാവുമെങ്കിലും വിന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ധവാന് എളുപ്പത്തില്‍ കഴിയില്ല.

വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിനരികെ രവീന്ദ്ര ജഡേജ

15 മത്സരങ്ങളില്‍ നാല് സെഞ്ചുറി ഉള്‍പ്പെടെ 70 റണ്‍സ് ശരാശരിയില്‍ 790 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ധവാനാകട്ടെ 14 മത്സരങ്ങളില്‍ 26.76 ശരാശരിയില്‍ 348 റണ്‍സെ ഇതുവരെ നേടാനായിട്ടുള്ളു. പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ വിന്‍ഡീസില്‍ ഏകദിന റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള എം എസ് ധോണി(15 മത്സരങ്ങളില്‍ 458 റണ്‍സ്), യുവരാജ് സിംഗ്(14 മത്സരങ്ങളില്‍ 419 റണ്‍സ്), രോഹിത് ശര്‍മ(14 മത്സരങ്ങളില്‍ 408) റണ്‍സ് എന്നിവരെ മറികടന്ന് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ധവാനാവും.

ഇന്ത്യയില്‍ വിന്‍‍ഡീസിനെതിരെ രണ്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള ധവാന് മികച്ച റെക്കോര്‍ഡുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ധവാന് മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ചെങ്കിലും തിളങ്ങാനായിരുന്നില്ല. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 41 റണ്‍സ് മാത്രമാണ് ധവാന് നേടാനായത്.

'സഞ്ജു വെല്ലുവിളിയായേക്കും, എങ്കിലും ഞാനവന്റെ ആരാധകന്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ കിവീസ് താരം

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര എന്നിവിരില്ലാതെ ഏകദിന പരമ്പരക്കിറങ്ങുന്ന ഇന്ത്യക്ക് ധവാന്‍റെ ബാറ്റില്‍ പ്രതീക്ഷയേറെയാണ്. ധവാന് പുറമെ സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ, മലയാളി താരം സഞ്ജു സാംസണ്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍.